national news
സെയ്ഫ് അലിഖാനെതിരായ ആക്രമണം; പ്രതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 17, 07:03 am
Friday, 17th January 2025, 12:33 pm

മുംബൈ: സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ പ്രതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. മുംബൈയിലും സമീപ പ്രദേശങ്ങളിലുമടക്കം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫ് അലിഖാന് വസതിയില്‍ വെച്ച് കുത്തേറ്റത്. ഫയര്‍ എസ്‌ക്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വസതിയുടെ 11ാം നിലയിലേക്ക് പ്രവേശിച്ചതെന്നും മോഷണത്തിന്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നും പ്രാഥമിക വിവരം വന്നിരുന്നു.

മോഷണത്തിനായി ഫ്‌ളാറ്റില്‍ നുഴഞ്ഞുകയറിയ പ്രതി ഒന്നിലധികം തവണ സെയ്ഫ് അലിഖാനെ കുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആക്രമണത്തില്‍ സെയ്ഫ് അലിഖാന് നട്ടെല്ലിന് പരിക്കേറ്റതായും പ്രതി ആക്രമണത്തിനുപയോഗിച്ച ആക്‌സോ ബ്ലെയ്ഡിന്റെ ഭാഗം ശരീരത്തില്‍ നിന്നും നീക്കം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

പുറത്തും കഴുത്തിനും കയ്യിലും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

സംഭവസമയത്ത് സെയ്ഫ് അലിഖാനും ഭാര്യയും നടിയുമായ കരീന കപൂറും രണ്ട് മക്കളും അഞ്ച് ജോലിക്കാരും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം അക്രമിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബ്രൗണ്‍ ടീ ഷര്‍ട്ടും ചുവന്ന സ്‌കാര്‍ഫും ധരിച്ച് ഒരാള്‍ താഴേക്ക് പോവുന്നതായിരുന്നു പ്രചരിച്ച ദൃശ്യങ്ങള്‍.

അതേസമയം പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഫ്‌ലാറ്റിലേക്ക് അതിക്രമിച്ചുകടന്നതല്ലെന്നും പറഞ്ഞതായി പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Attack on Saif Ali Khan: Accused arrested