| Sunday, 2nd January 2022, 9:01 am

പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം, മലമൂത്ര വിസര്‍ജനം; മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് ചുമരെഴുത്ത്; അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുമരകം: ആളില്ലാതിരുന്ന പൊലീസുകാരന്റെ വീട് അടിച്ചു തകര്‍ത്ത് ആക്രമണം. കുമരകം ചെപ്പന്നൂര്‍ക്കരിയിലാണ് പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.

വീടിന്റെ ജനല്‍ച്ചില്ലുകളും കതകും അടിച്ചുതകര്‍ക്കുകയും തിണ്ണയില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിട്ടുണ്ട്. പുറത്തുണ്ടായിരുന്ന ശുചിമുറി അടിച്ചു തകര്‍ത്ത് കതക് എടുത്ത് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് ശേഷം വീടിന്റെ ചുമരില്‍ കരി കൊണ്ട് മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നും എഴുതിയിട്ടുണ്ട്. വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. ആക്രമണം നടന്ന വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് ഷാജി പറയുന്നത്. പുതുവര്‍ഷത്തലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോള്‍ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പര്‍ കുറിച്ചെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.

ടൊവിനോ തോമസ് നായകനായ ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മിന്നല്‍ മുരളി തന്റെ സൂപ്പര്‍ പവര്‍ ഉപയോഗിച്ച് ചെയ്ത കാര്യങ്ങള്‍ക്ക് അടുത്ത് മിന്നല്‍ മുരളി എന്ന് എഴുതി വെയ്ക്കാറുണ്ട്.

ഇതില്‍ നിന്ന് പ്രേരണ ഉള്‍കൊണ്ടാണ് അക്രമി ചുമരില്‍ മിന്നല്‍ മുരളിയെന്ന് എഴുതി വെച്ചത്.

We use cookies to give you the best possible experience. Learn more