ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. ദല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
കെജ്‌രിവാളിന് നേരെ ഒരാള്‍ ദ്രാവകം ഒഴിക്കുകയായിരുന്നു. എന്ത് ദ്രാവകമാണ് ഒഴിച്ചത് എന്നതിൽ വ്യക്തതയില്ല. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.
വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ പുറത്തുവിട്ട വീഡിയോയില്‍, അക്രമി കെജ്‌രിവാളിന് നേരെ ചാടിയടുക്കാന്‍ ശ്രമിക്കുന്നതായി കാണാം.
ഇതിനിടെ ഇയാള്‍ കെജ്‌രിവാളിന് നേരെ ഒരു ദ്രാവകം ഒഴിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ അദ്ദേഹം മുഖം തുടക്കുന്നതായും കാണാവുന്നതാണ്.
തുടര്‍ന്ന് പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ കെജ്‌രിവാളിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് ദല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്തെത്തി. കെജ്‌രിവാളിന് നേരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്നും ഇത് തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നുമാണ് ഭരദ്വാജ് പറഞ്ഞത്.
സംസ്ഥാനത്തുടനീളമായി പ്രചരണം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നില്ലെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. ദല്‍ഹിയിലെ ക്രമസമാധാനം തകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി വരെ സുരക്ഷിതനല്ലെങ്കില്‍ സാധാരണ പൗരന്‍ എങ്ങനെ സംസ്ഥാനത്ത് സുരക്ഷിതനായിരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ചോദിച്ചു. ഒക്ടോബര്‍ 25ന് ദല്‍ഹിയിലെ വികാസ്പുരിയില്‍ പദയാത്രയ്ക്കിടെ കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടതായി എ.എ.പി ആരോപിച്ചിരുന്നു. കെജ്‌രിവാളിനെ കൊല്ലാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി അതിഷി അന്ന് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ദല്‍ഹിയില്‍ സ്‌ഫോടനവും വെടിവെപ്പും നടന്നിരുന്നു. ഇതിനുപിന്നാലെയാണ് കെജ്‌രിവാളിനെതിരായ ആക്രമണം.
Content Highlight: Attack on Kejriwal in Delhi; The accused is in custody