| Saturday, 18th May 2024, 7:15 am

കനയ്യ കുമാറിനും ആം ആദ്മി കൗണ്‍സിലര്‍ക്കും നേരെ ആക്രമണം; അന്വേഷണം ആരംഭിച്ചതായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാലയിടാനെന്ന വ്യാജേന എത്തിയവര്‍ കനയ്യ കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആം ആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു അതിക്രമം.

അക്രമികള്‍ ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലറോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. പാര്‍ട്ടി കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മ പൊലീസില്‍ പരാതി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ ഷാള്‍ വലിച്ചൂരിയ അക്രമികള്‍ പങ്കാളിയെയും ഭീഷണിപ്പെടുത്തിയെന്ന് ഛായ ഗൗരവ് ശര്‍മ പരാതിയില്‍ പറയുന്നു.

ജനങ്ങള്‍ക്കിടയിലേക്ക് അക്രമികള്‍ കറുത്ത മഷി എറിഞ്ഞു. നിരവധി സ്ത്രീകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റെന്നും എ.എ.പി കൗണ്‍സിലര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തക അഴുക്കുചാലില്‍ വീണെന്നും പരാതിയില്‍ പറയുന്നു. കൗണ്‍സിലറുടെ പരാതിയില്‍ നടപടി ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഛായ ശര്‍മയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കനയ്യ കുമാര്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

യോഗത്തിന് ശേഷം കനയ്യ കുമാറിനെ യാത്രയാക്കാന്‍ അദ്ദേഹത്തിനെ ചിലര്‍ മാല ചാര്‍ത്തി. തൊട്ടുപിന്നാലെ കനയ്യക്ക് നേരെ ചിലര്‍ മഷി എറിഞ്ഞുവെന്നും ആക്രമിക്കാന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ചതോടെ എ.എ.പി കൗണ്‍സിലറോടും സംഘം അപമര്യാദയായി പെരുമാറുകയായിരുന്നു.

കനയ്യ കുമാര്‍ ബി.ജെ.പിയുടെ മനോജ് തിവാരിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി മണ്ഡലത്തിലാണ് മത്സരിക്കുന്നത്. മനോജ് തിവാരി ഈ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എം.പിയും ദല്‍ഹിയിലെ ബി.ജെ.പിയുടെ ഏക പ്രതിനിധിയുമാണ്. മെയ് 25ന് തെരഞ്ഞെടുപ്പിലെ ആറാം ഘട്ടത്തില്‍ ദല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കും.

Content Highlight: Attack on Kanhaiya Kumar and AAP women councillor

We use cookies to give you the best possible experience. Learn more