| Tuesday, 28th October 2014, 12:21 pm

കമല സുരയ്യ സ്മാരക ഭൂമിയില്‍ കൈയേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കമല സുരയ്യയുടെ സ്മാരക ഭൂമി ക്ഷേത്രഭൂമിയാക്കിമാറ്റാന്‍ ഗൂഢ നിക്കം. കമല സുരയ്യയ്ക്ക് പ്രിയപ്പെട്ട സര്‍പ്പക്കാവും നീര്‍മാതളക്കുളവും കൈയേറി ഭണ്ഡാരം വയ്ക്കുകയും ചുറ്റും വേലി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

ഭുമിയുടെ പേര് മാറ്റാനും ശ്രമം നടക്കുന്നുണ്ട്. നാലപ്പാട്ട് സ്മാരകം എന്ന് പേര് മാറ്റാനാണ് ശ്രമം നടക്കുന്നത്. കമല സുരയ്യ സര്‍ക്കാറിന് നല്‍കിയ ഭൂമിയിലാണ് കൈയേറ്റം. 17 സെന്റ് ഭൂമി കൈയേറി ക്ഷേത്രഭൂമിയാക്കാമുള്ള ശ്രമമമാണ് ഇപ്പോള്‍ നടക്കുന്നത്.

അതേസമയം കമല സുരയ്യയ്ക്ക് ഭൂമിയില്‍ അവകാശമൊന്നുമില്ലെന്നാണ് കമല സുരയ്യ ട്രസ്റ്റ് സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ പറയുന്നത്. സ്മാരകം നാലപ്പാട്ടിന്റെയോ മാധവിക്കുട്ടിയുടെയോ പേരിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കമല സുരയ്യയുടെ കൃതികള്‍ വായിച്ച് നീര്‍മാതളക്കുളവും സര്‍പ്പക്കാവും കാണാന്‍ പുന്നയൂര്‍ക്കുളത്ത് എത്തുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഈ നടപടി.

കമല സുരയ്യ സാംസ്‌കാരിക സമുച്ചയത്തിന്റെ പേര് മാറ്റി നാലപ്പാട്ട് സ്മാരകം ആക്കണമെന്നുള്ള ആവശ്യം സര്‍ക്കാര്‍ തള്ളിയതിന് ശേഷമാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. കമല സുരയ്യയുടെ മതംമാറ്റത്തെ എതിര്‍ത്തവര്‍ തന്നെയാണ് ഇപ്പോള്‍ ഈ പേരിനെയും എതിര്‍ക്കുന്നത്. പര്‍ദ്ദ ധരിച്ച് പുന്നയൂര്‍ക്കുളത്ത് വന്നാല്‍ അവരെ തടയുമെന്ന ഭീഷണിയും നേരത്തെ നിലനില്‍ക്കുന്നുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more