| Tuesday, 5th November 2024, 10:12 pm

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണം; തെരുവിലിറങ്ങി ഇന്ത്യന്‍ വംശജര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി കാനഡയിലെ ഇന്ത്യന്‍ വംശജര്‍. ആക്രമണമുണ്ടായ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കാനഡയിലെ ഹിന്ദുക്കളും സിഖുകാരും ഉള്‍പ്പെട്ട പ്രതിഷേധക്കാര്‍ ത്രിവര്‍ണ പതാകകളും ഖലിസ്ഥാന്‍ തീവ്രവാദത്തിനെതിരായ മുദ്രാവാക്യങ്ങളും വിളിച്ചാണ് പ്രതിഷേധം നടത്തിയത്. നോര്‍ത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ CoHNA ആണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഇന്നലെ (തിങ്കളാഴ്ച്ച) ക്ഷേത്രത്തിനെതിരായി നടന്ന ആക്രമണത്തില്‍ കനേഡിയന്‍ പൊലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.  ഖലിസ്ഥാനികളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കനേഡിയന്‍ സര്‍ക്കാര്‍ വിട്ട് നില്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 പ്രതിഷേധത്തിനെതിരെ കനേഡിയന്‍ പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പറഞ്ഞ കനേഡിയന്‍ പൊലീസ് പ്രതിഷേധക്കാരോട് എത്രയും വേഗം പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കൂടിച്ചേരലുകള്‍ നിയമവിരുദ്ധമാണെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു

അതേസമയം ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഹരീന്ദര്‍ സോഹിയെന്ന പൊലീസുകാരനെ കാനഡ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിനുനേരെ നടന്ന പ്രതിഷേധത്തില്‍ ഹരീന്ദര്‍ സോഹിയും ഉള്‍പ്പെട്ടിരുന്നു.

ഇന്നലെയാണ്‌ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികള്‍ ആക്രമണം നടത്തിയത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ഭക്തര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ലക്ഷ്മി നാരായണ ക്ഷേത്രം.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കാളികളായ ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ യാതൊരുവിധ പ്രതികരണങ്ങളും ട്രൂഡോ നടത്തിയിരുന്നില്ല.

Content Highlight: Attack on Hindu Temple in Canada; People of Indian origin took to the streets

We use cookies to give you the best possible experience. Learn more