ഒട്ടാവ: ബ്രാംപ്ടണിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിലെ നാലാം പ്രതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഖലിസ്ഥാന് അനുകൂലിയായ ഇന്ദര്‍ജീത് ഗോസലിനെയാണ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദുസഭാ മന്ദിറിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ ഇയാള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ഇയാളെ കൂടാതെ ക്ഷേത്രം ആക്രമിച്ചതിന് പിന്നാലെ മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയതതായും പൊലീസ് അറിയിക്കുകയായിരുന്നു.
ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നാലെ ഉപാദികളോടെ വിട്ടയക്കുകയുമായിരുന്നു. തുടര്‍ന്ന് ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ നവംബര്‍ നാലിന് ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ഭക്തര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
സിഖ് കലാപത്തിന്റെ നാല്‍പതാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് നടത്തിയ പ്രകടനത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് ആക്രമണമുണ്ടായത്.
നവംബര്‍ മൂന്ന്, നാല് ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സംഘത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ലക്ഷ്മി നാരായണ ക്ഷേത്രം.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കാളികളായ ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ യാതൊരുവിധ പ്രതികരണങ്ങളും ട്രൂഡോ നടത്തിയിരുന്നില്ല.
Content Highlight: Attack on Hindu Temple in Canada; One more pro-Khalistan arrested