കൊല്‍ക്കത്ത: ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബി.എസ്.എഫിന്റെ അധികാര പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്ത് പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍ക്കാരുകള്‍.
പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബി.എസ്.എഫിന്റെ അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു.
ബി.എസ്.എഫിന്റെ അധികാര പരിധി ഉയര്‍ത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. കേന്ദ്രത്തിന്റെ ഈ തീരുമാനം സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുന്നതും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നുമായിരുന്നു മമത പറഞ്ഞത്.
ഇത്തരമൊരു തീരുമാനം കേന്ദ്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മമത പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞു.
‘ഞങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നു. ഇത് സംസ്ഥാനത്തിന്റെ അവകാശങ്ങളുടെ ലംഘനമാണ്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു?’ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ചോദിച്ചു.
‘ബി.എസ്.എഫിന് എന്തെങ്കിലും തിരച്ചില്‍ നടത്തണമെങ്കില്‍, അവര്‍ക്ക് എല്ലായ്‌പ്പോഴും സംസ്ഥാന പൊലീസിനൊപ്പം ഇത് ചെയ്യാന്‍ കഴിയും. വര്‍ഷങ്ങളായി ഇതാണ് രീതി. എന്നാല്‍ അതിന് വിപരീതമായുള്ള ഈ നടപടി ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്,’ അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യാവകാശം സംരക്ഷിക്കുന്ന കാര്യത്തില്‍ ബി.എസ്.എഫിന്റെ ട്രാക്ക് റെക്കോര്‍ഡ് നല്ലതല്ലെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവും എം.പിയുമായ സൗഗത റോയും ആരോപിച്ചു.
‘കേന്ദ്രവും ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ബി.എസ്.എഫിന് നല്ല ട്രാക്ക് റെക്കോര്‍ഡ് ഇല്ല,’ അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. ചില സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ ഉള്ളിലേക്ക് വരെ ബി.എസ്.എഫിന്റെ അധികാരപരിധി വിപുലീകരിക്കുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടുത്ത ലംഘനമാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
അതേസമയം തൃണമൂലിന്റെ വിമര്‍ശനത്തിനെതിരെ സംസ്ഥാന ബി.ജെ.പി നേതൃത്വം രൂക്ഷമായാണ് പ്രതികരിച്ചത്. മാറ്റങ്ങളോടുള്ള ഈ എതിര്‍പ്പ് തങ്ങളുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
‘തൃണമൂല്‍ സര്‍ക്കാര്‍ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു. തൃണമൂലിന്റെ എതിര്‍പ്പ് അവരുടെ വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്’ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു പറഞ്ഞു.
ബി.എസ്.എഫിന്റെ അധികാരപരിധി ഉയര്‍ത്തിയതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കാനും ആളുകളെ അറസ്റ്റ് ചെയ്യാനും ബി.എസ്.എഫിന് അധികാരം ഉണ്ടായിരിക്കും.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫിന്റെ അധികാരപരിധി 50 കിലോമീറ്ററായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും പറഞ്ഞു.
ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണ്. യുക്തിരഹിതമായ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെടുന്നവെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍ മേഖലയിലും കള്ളക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ബി.എസ്.എഫിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ ചില പ്രത്യേക അധികാരം നല്‍കിയിരുന്നു. ഇത് 50 കിലോമീറ്ററായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയത്.
അതേസമയം ഗുജറാത്തില്‍ അതിര്‍ത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന ബി.എസ്.എഫിന്റെ അധകാര പരിധി 50 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ അധികാരപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. മേഘാലയ, നാഗാലന്‍ഡ്, മിസോറാം, ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളിള്‍ ഇതുവരെ കൃത്യമായ പരിധി നിശ്ചയിച്ചിട്ടുമില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം