തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം സമരം നടത്തുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ ആഭ്യന്ത്രര മന്ത്രി രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച എഡ്വേര്‍ഡ് ആന്‍ഡേഴ്‌സന്റെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് അഞ്ജാത സംഘം അദ്ദേഹത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞത്.
ഇന്നലെ രാത്രി ഏതോ സാമൂഹിക വിരുദ്ധന്മാര്‍ തന്റെ വീടിനു നേരെ കല്ലറിയുകയുണ്ടായെന്നും ഈ സമയത്ത് തന്റെ പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ആന്‍ഡേഴ്‌സണ്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
“ഇന്നലെ രാത്രി ഏതോ സാമൂഹിക വിരുദ്ധന്മാര്‍ എന്റെ വീടിനു നേരെ കല്ലറിയുകയുണ്ടായി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് തനിക്ക് മനസ്സിലായെന്ന് കല്ലേറിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മനസ്സിലാക്കണം. തന്റെ വീട്ടുകാരെ ദ്രോഹിച്ചിട്ടല്ല തന്നോട് പ്രതികാരം ചെയ്യേണ്ടത്. വളരെ ന്യായമായ ഒരാവശ്യത്തിന് വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്ന് കല്ലെറിയുന്നവര്‍ മനസ്സിലാക്കുക. എന്റെ ഗതി നാളെ നിങ്ങള്‍ക്കുമുണ്ടാകാം. നിങ്ങളുടെ നേതാക്കളെ നാളെ നിങ്ങള്‍ ചോദ്യം ചെയ്യുന്ന സമയത്ത് നിങ്ങളുടെ തല അടിച്ച് പൊളിക്കാന്‍ നൂറു പേര്‍ വരുമ്പോഴേ നിങ്ങള്‍ക്കീ അവസ്ഥ മനസ്സിലാവുകയുള്ളൂ” എന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു.
എറിയണമെങ്കില്‍ തന്നെ എറിഞ്ഞോളൂ, ഇരുളിന്റെ മറവില്‍ നിന്ന് വീട്ടുകാര്‍ക്കെതിരെ എറിയുന്നത് ഭീരുത്വമാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
എന്തു കഷ്ടം സഹിക്കേണ്ടി വന്നാലും നീതി കിട്ടി ശ്രീജിത്ത് സമരം അവസാനിപ്പിക്കുന്നത് വരെ കൂടെ നില്‍ക്കുമെന്നും എന്നെ മറന്ന് നിങ്ങള്‍ ശ്രീജിത്തിനെ പിന്തുണക്കാന്‍ വേണ്ടി കൂടെ നില്‍ക്കുവെന്നും ആന്‍ഡേഴ്ണ്‍ പറഞ്ഞു.