| Friday, 29th March 2024, 7:36 pm

പയ്യാമ്പലത്തെ സി.പി.ഐ.എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം; കര്‍ണാടക സ്വദേശി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പയ്യാമ്പലം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ആക്രി വില്‍പ്പന നടത്തുന്ന കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലായത്. അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.സി.പി സിബി കെ. തോമസിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകിട്ട് മൂന്ന് മണിയോടെയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വ്യാഴാഴ്ചയാണ് പയ്യാമ്പലത്തെ നാല് സി.പി.ഐ.എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ക്കെതിരെ അതിക്രമം നടന്നത്.

ഒരുതരം ലായനി ഉപയോഗിച്ച് സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ അവസ്ഥയിലായിരുന്നു. സി.പി.ഐ.എം നേതാക്കളായ ഇ.കെ. നയനാര്‍, കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ഒ. ഭരതന്‍ എന്നീ നാല് നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്.

തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഫോറന്‍സിക് ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സ്വദേശിയായ ഒരാളെ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തത്.

Content Highlight: Attack on CPIM memorial shrines in Payyambalam; Karnataka native in custody

We use cookies to give you the best possible experience. Learn more