| Saturday, 16th November 2024, 8:28 am

ലെബനനില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; പ്രതിഷേധവുമായി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലെബനനിലെ വടക്ക് കിഴക്കന്‍ ജില്ലയായ ബെല്‍ബെക്കില്‍ കഴിഞ്ഞ ദിവസം ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ലെബനന്‍ സിവില്‍ ഡിഫന്‍സ് സെന്ററിലാണ് ആക്രമണം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ സിവില്‍ ഡിഫന്‍സ് മേധാവി ബിലാല്‍ റാദും ഉള്‍പ്പെട്ടതായാണ് വിവരം.

സ്‌ഫോടനം നടക്കുമ്പോള്‍ 20ല്‍ അധികം പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി ഗവര്‍ണര്‍ ബാച്ചിര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേയൂസും അപകടത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

അപകടത്തില്‍ അപലപിക്കുന്നതായും ഇത്തരം സംഘര്‍ഷങ്ങളില്‍ ആരോഗ്യപ്രവ്രര്‍ത്തകര്‍ക്ക് പരിക്ക് പറ്റുന്നത് സര്‍വസാധാരണമായി മാറിയിരിക്കുന്നതായും ഇത് അവസാനിപ്പിക്കണമെന്നുമാണ് ഡബ്ല്യു.എച്ച്.ഒ മേധാവി എക്‌സില്‍ കുറിച്ചത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലെബനനില്‍ ഇതുവരെ 145ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകരാണ് യുദ്ധം ആരംഭിച്ചതിന് ശേഷം ജോലിക്കിടയില്‍ കൊല്ലപ്പെട്ടത്.

ലെബനീസ് ഗവണ്‍മെന്റിന്റെ ഭാഗമായ സിവില്‍ ഡിഫന്‍സ് ഏജന്‍സി അടയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന ഒരു വിഭാഗമാണ്. എന്നാല്‍ ഇവ ഹിസ്ബുല്ലയുടേയോ വേറെ ഏതെങ്കിലും വിമത സംഘടനയുടേയോ പിന്തുണയോടെയല്ല പ്രവര്‍ത്തിക്കുന്നത്.

ലെബനന്‍ നഗരമായ ബാല്‍ബെക്കിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വ്യാപകമായ ബോംബാക്രമണമാണ് നടക്കുന്നത്. ലെബനനിലെ അല്‍-ഷാബ് പരിസരത്ത് വ്യാഴാഴ്ച ഇസ്രഈല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ലെബനനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 2023 ഒക്ടോബറിനുശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 3,386 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസില്‍ ഇസ്രഈല്‍ ബോംബാക്രമണം നടത്തിയ അതേ ദിവസം തന്നെയാണ്‌ ബെല്‍ബെക്കിലും ആക്രമണം നടത്തിയത്. സിറിയയിലെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്റെ പിന്തുണയുള്ള മിലിഷ്യയായ ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സിറിയയിലെ കെട്ടിടത്തില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രഈല്‍ സൈന്യം പ്രതികരിച്ചു.

ആക്രമണത്തില്‍ കാര്യമായ നാശനഷ്ടം സംഭവിച്ചതായി ഇസ്രഈല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇത്തരം മിലിഷ്യയെ സ്വന്തം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സിറിയന്‍ സര്‍ക്കാരിനെയും ഇസ്രഈല്‍ സൈന്യം അവരുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുകയുണ്ടായി.

ഹിസ്ബുല്ലയ്ക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നത് തടയാന്‍ സിറിയയിലും സിറിയ-ലെബനന്‍ അതിര്‍ത്തിയിലും പരിശോധനയും ആക്രമണങ്ങളും ശക്തമാക്കുന്നുണ്ടെന്ന് ഇസ്രാഈലി സൈനിക മേധാവി ഹെര്‍സി ഹലേവി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഹിസ്ബുല്ല നേതാക്കളെ വധിച്ചതായും തെക്കന്‍ ലെബനനില്‍വെച്ച് 140ല്‍ അധികം ഹിസ്ബുല്ല റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തതായും ഇസ്രഈല്‍ സൈന്യം അവകാശപ്പെട്ടു.

Content Highlight: Attack on civil defence center in Lebanon; 12 paramedics died

Latest Stories

We use cookies to give you the best possible experience. Learn more