ബീജിങ്: ചൈനയില്‍ റസ്റ്റൊറന്റില്‍ വെച്ച് യുവതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. ഒരു ബാര്‍ബിക്യു റസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതികള്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
ഇതോടെ ചൈനയില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന മീ ടൂ മൂവ്‌മെന്റ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഷി ചിന്‍പിങ് ചൈനീസ് പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ മീ ടൂ മൂവ്‌മെന്റിനെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള നടപടികളായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തോടെ ചൈനയില്‍ മീ ടൂ മൂവ്‌മെന്റ് തിരിച്ചുവരുന്നതായാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.
ഇതോടെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ വിഷയം ചര്‍ച്ചയാവുകയായിരുന്നു. ജെന്‍ഡര്‍ ഈക്വാലിറ്റിയെക്കുറിച്ചും അതിന്റെ ഭാഗമായുള്ള മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്.
സ്ത്രീ എതിര്‍ത്തപ്പോള്‍ ഇവരെയും കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെയും പ്രതി ആക്രമിക്കുകയായിരുന്നു. ഇയാള്‍ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തതായും ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കന്‍ നഗരമായ ടാങ്ഷാനിലായിരുന്നു സംഭവം. സംഭവത്തില്‍ സംശയിക്കപ്പെട്ട ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ലിബറല്‍ പാശ്ചാത്യ കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ഷി സര്‍ക്കാര്‍ മീ ടൂ മൂവ്‌മെന്റിനെതിരെ നിലപാടെടുത്തിരുന്നത്. ഇതോടെ തങ്ങള്‍ക്കെതിരായി നടന്ന അക്രമങ്ങള്‍ തുറന്ന് പറയുന്നതില്‍ നിന്നും സ്ത്രീകള്‍ പിന്‍വലിയുന്നതും നിശബ്ദത പാലിക്കുന്നതുമായ പ്രവണതയും കണ്ടുപോന്നിരുന്നു.
Content Highlight: Attack on Chinese women sparks outrage, points the revival of MeeToo movement that Xi Jinping gov tried to suppress