റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതനെ ആക്രമിച്ച കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോര്‍ച്ച പ്രവര്‍ത്തകരായ മനീഷ് സാഹു, സഞ്ജയ് സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റായ്പൂരില്‍ പൊലീസ് സ്റ്റേഷനിലാണ് അക്രമാസക്തരായ ആള്‍ക്കൂട്ടം പുരോഹിതനെയും ഒപ്പമുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. ആഗസ്റ്റ് 29 നായിരുന്നു സംഭവം.
ആറുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും റായ്പൂര്‍ എസ്.പി അജയ് യാദവ് പറഞ്ഞു.
ഭടഗാവ് മേഖലയില്‍ ക്രിസ്ത്യന്‍ പുരോഹിതനായ ഹരീഷ് സാഹുവിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് പൊലീസില്‍ പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഹരീഷിനെയും കൂടെയുണ്ടായിരുന്ന ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം ജനറല്‍ സെക്രട്ടറി അങ്കുഷ് ബാരിയേക്കര്‍, സംഘടനാ പ്രവര്‍ത്തകനായ പ്രകാശ് മസീഹ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തി.
ഇതിനു പിന്നാലെയാണ് വിവിധ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ആള്‍ക്കൂട്ടം പുരോഹിതനുനേരെ അക്രമമഴിച്ചുവിടുകയും ചെയ്തത്. നൂറിലേറെ പേരടങ്ങിയ സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെയും കുടുംബത്തെയും ക്രൂരമായി മര്‍ദ്ദിച്ചത്.
മതപരിവര്‍ത്തനം നടത്തരുത് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഈ സംഘമെത്തിയത്. ഇവര്‍ വീട്ടിലെ വസ്തുവകകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധവുമായി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന് സര്‍ക്കാരും പൊലീസും തയ്യാറാകുന്നില്ലെന്ന് ഛത്തീസ്ഗഢ്ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.
വളരെ അപകടകരമായ പ്രവണതയാണിതെന്നും അടുത്ത കാലത്തായി ഇത്തരം ആക്രമണങ്ങള്‍ വളരെയധികം വര്‍ധിച്ചുവെന്നും പറഞ്ഞ അരുണ്‍ പന്നലാല്‍ ഇത്തരം സംഭവങ്ങളില്‍ കൃത്യമായ നടപടികളുണ്ടാകാത്തത് വേദനാജനകമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Attack on Chhattisgarh pastor: Two BJP members arrested