|

നടന്‍ സെയ്ഫ് അലിഖാനെതിരായ ആക്രമണം; കസ്റ്റഡിയിലെടുത്തയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ആള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് ബാന്ദ്ര പൊലീസ്. സി.സി.ടി.വി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്തയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.

സി.സി.ടി.വിയില്‍ കണ്ട ആളുമായി കസ്റ്റഡിയിലെടുത്ത ആള്‍ക്ക് ചെറിയ സാമ്യമുണ്ടായിരുന്നെന്നും ഇയാളെ മണിക്കൂറുകളായി ചോദ്യം ചെയ്തുവരികയായിരുന്നുവെന്നുമാണ് നിലവില്‍ ബാന്ദ്ര പൊലീസ് പറയുന്നത്.

പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങളും നിലവില്‍ പുറത്തുവന്നിട്ടുണ്ട്. നടന്റെ ഫ്‌ലാറ്റിലേക്ക് ഫയര്‍ എക്‌സിറ്റ് ഗോവണി വഴി പ്രതി കയറിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്.

പ്രതി മുഖം മറച്ച നിലയിലാണെന്നും വ്യാഴാഴ്ച പുലര്‍ച്ചെ 1.37നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നുമാണ് വിവരം.

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ പ്രതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലുമടക്കം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫ് അലിഖാന് വസതിയില്‍ വെച്ച് കുത്തേറ്റത്. ഫയര്‍ എസ്‌ക്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വസതിയുടെ 11ാം നിലയിലേക്ക് പ്രവേശിച്ചതെന്നും മോഷണത്തിന്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നും പ്രാഥമിക വിവരം വന്നിരുന്നു

മോഷണത്തിനായി ഫ്ളാറ്റില്‍ നുഴഞ്ഞുകയറിയ പ്രതി ഒന്നിലധികം തവണ സെയ്ഫ് അലിഖാനെ കുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആക്രമണത്തില്‍ സെയ്ഫ് അലിഖാന് നട്ടെല്ലിന് പരിക്കേറ്റതായും പ്രതി ആക്രമണത്തിനുപയോഗിച്ച ആക്സോ ബ്ലെയ്ഡിന്റെ ഭാഗം ശരീരത്തില്‍ നിന്നും നീക്കം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

പുറത്തും കഴുത്തിനും കയ്യിലും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

സംഭവസമയത്ത് സെയ്ഫ് അലിഖാനും ഭാര്യയും നടിയുമായ കരീന കപൂറും രണ്ട് മക്കളും അഞ്ച് ജോലിക്കാരും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു.

Content Highlight: Attack on actor Saif Ali Khan; The police said that the person taken into custody has nothing to do with the incident

Latest Stories

Video Stories