ഡി.വൈ.എഫ്.ഐ വെണ്ടേക്കുംപൊയില്‍ യൂണിറ്റ് സെക്രട്ടറി കെ.സി.അനീഷ് അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്.50 പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ ഭാഗമായി എട്ടിന് നടന്ന സി.പി.െഎ. കമ്മിറ്റി യോഗത്തില്‍ എ.ടി. സ്‌കറിയയെ വെണ്ടേക്കുംപൊയില്‍ കമ്മിറ്റി കണ്‍വീനറായി തെരഞ്ഞെടുത്തു. എ.ഐ.വൈ.എഫ്. യൂണിറ്റ് പ്രസിഡന്റായി എന്‍.സി. പ്രിജേഷിനെയും സെക്രട്ടറിയായി കെ.സി. അനീഷിനെയും തെരഞ്ഞെടുത്തു.
പ്രദേശത്ത് സി.പി.ഐ.എമ്മിന്റെ മൗനാനുവാദത്തോടെ അനധികൃത നിര്‍മ്മാണങ്ങളും അക്രമങ്ങളും നടക്കുന്നുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്നും പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എ.ടി. സ്‌കറിയ, കെ.സി. അനീഷ്, എന്‍.സി. പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എന്‍.ജി. സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍ത്തസമ്മേളനം നടന്നത്.
നേരത്തെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വെണ്ടേക്കുംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയില്‍ ഉച്ചഭക്ഷണം നല്‍കിയതിന് തങ്ങള്‍ക്കുനേരെ ഭീഷണിയുണ്ടായെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
മേഖലയിലെ ആദിവാസികളുടെ ശുദ്ധജലലഭ്യത ഇല്ലാതാക്കിയാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്നും വാട്ടര്‍ തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍, പന്നി ഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പാര്‍ട്ടിക്കു പലതവണ പരാതി നല്‍കിയിട്ടും ഇടപെട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
പ്രദേശത്ത് നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ നേരില്‍ കാണാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരെ ഇനിയും ഇവിടേക്കു ക്ഷണിക്കുമെന്നും അവര്‍ക്കു സംരക്ഷണമൊരുക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം നാട്ടുകാര്‍ സംഘടിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരെ ചോദ്യംചെയ്തെങ്കില്‍ താന്‍ ഉത്തരവാദിയല്ലെന്നും തനിക്കോ ബന്ധുക്കള്‍ക്കോ കക്കാടംപൊയിലില്‍ പാറമടയില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ക്ക് അതു തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.