ഹൈദരാബാദ്: ദളിതരെ അക്രമിക്കുന്നതിന് പകരം തന്നെ അക്രമിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍, ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ വെടിവെക്കൂ, രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍, സമാധാനത്തിന്റെയും ഐക്യത്തിന്റെയും മന്ത്രങ്ങള്‍ കൈവിടരുത്. ഐക്യമാണ് പുരോഗതിയുടെ മാനദണ്ഡമെന്നും മോദി പറഞ്ഞു. ഹൈദരാബാദില്‍ ഒരു കുടിവെള്ള പദ്ധതി ഉദ്ഘാടന പരിപാടിയിലായിരുന്നുമോദിയുടെ പ്രസംഗം.
ഉന അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ദളിത് ക്ഷോഭം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസംഗം. കഴിഞ്ഞദിവസവും മോദി ഗോസംരക്ഷകരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നും മോദി പറഞ്ഞിരുന്നു.
അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും യു.പിയിലും പഞ്ചാബിലും നിര്‍ണായക ശക്തിയായിരിക്കെ ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന തിരിച്ചടി ഭയന്നാണ് ദളിത് വിഷയത്തില്‍ മൗനം വെടിഞ്ഞ് മോദി മുന്നോട്ട് വന്നിരിക്കുന്നത്. ഗുജറാത്തില്‍ ദളിത് പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയെ വരെ ബി.ജെ.പിക്ക് മാറ്റേണ്ടി വന്നിരുന്നു.