| Saturday, 8th December 2012, 9:54 am

കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് നേരെ മണല്‍മാഫിയയുടെ വധശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നേരെ മണല്‍മാഫിയയുടെ ആക്രമണം. കളക്ടര്‍ കെ.വി മോഹന്‍കുമാറിന് നേരെയാണ്  മണല്‍മാഫിയയുടെ വധശ്രമം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. []

മണല്‍ക്കടത്ത് പിടിക്കാനായി കളക്ടറും ഗണ്‍മാനും ഒരു ടാക്‌സി വാഹനത്തിലാണ് പുറപ്പെട്ടത്. വളരെ രഹസ്യമായ നീക്കമായിരുന്നു ഇത്. എന്നാല്‍ വരുന്നത് കളക്ടറുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞ മണല്‍ മാഫിയ സംഘം വളരെ തന്ത്രപൂര്‍വ്വം കളക്ടറുടെ വാഹനത്തിന് മേലേക്ക് മണല്‍ ഇറക്കി രക്ഷപ്പെടുകയായിരുന്നു.

ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ മാങ്കാവ് സ്വദേശി ഋഷി കപൂര്‍, കളക്ടര്‍ക്ക് ബൈക്കില്‍ മാര്‍ഗതടസം സൃഷ്ടിച്ച ഒളവണ്ണ സ്വദേശി ആഷിഖ് എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

കെഎല്‍-07 എ ബി 5837 എന്ന നമ്പരിലുള്ള ടിപ്പര്‍ ലോറിയുടെ ഉടമ മലപ്പുറം കവനൂര്‍ സ്വദേശി നൗഷാദ് അലിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനുശേഷമാണ് വാഹനത്തിനായി പോലീസ് പരിശോധന ഊര്‍ജിതമാക്കിയത്.

കളക്ടര്‍ ഉള്‍പ്പെടെ നാല് സംഘങ്ങളായിട്ടായിരുന്നു മണല്‍ക്കടത്ത് പിടിക്കാനായി പുറപ്പെട്ടത്. ടിപ്പര്‍ ലോറിക്ക് അകമ്പടിയായി രണ്ട് ബൈക്ക് കൂടി ഉണ്ടായിരുന്നതായി കളക്ടര്‍ പറഞ്ഞു.

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അവരുടെ നീക്കമെന്നും മണല്‍ക്കടത്തിനെതിരെ ഊര്‍ജ്ജിതമായ നടപടിയായിരിക്കും ഇനി ഉണ്ടാകുകയെന്നും കളക്ടര്‍ വ്യക്തമാക്കി.

എന്നാല്‍ പുലര്‍ച്ചെ ഈ സംഭവം നടന്നിട്ടും രാവിലെ എട്ടുമണിയായിട്ടും വിവരം സിറ്റി പോലീസ് കമ്മീഷണറോ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു സംഗതി.

കളക്ടര്‍ക്ക് നേരെ വധശ്രമം ഉണ്ടായതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി മാധ്യമങ്ങളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് പോലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭ്യമായത്.

കോഴിക്കോട് ജില്ലയില്‍ മണല്‍ക്കടത്ത് രൂക്ഷമായ സാഹചര്യത്തില്‍ മണല്‍ മാഫിയയെ പിടിക്കാനായി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൃത്യമായ നടപടി അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. തുടര്‍ന്നാണ് കളക്ടര്‍ തന്നെ തന്റെ നേതൃത്വത്തില്‍ മണല്‍ മാഫിയയെ പിടിക്കാനായി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more