Advertisement
Kerala News
കൊച്ചിയില്‍ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ലോകകപ്പ് വിജയാഘോഷത്തിനിടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 19, 05:12 am
Monday, 19th December 2022, 10:42 am

കൊച്ചി: ലോകകപ്പ് വിജയാഘോഷത്തിനിടെ പൊലീസുകാരന് മര്‍ദനം. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസുകാരനെ അഞ്ചംഗ സംഘം വലിച്ചിഴച്ചുകൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍വെച്ചാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അതേസമയം, ലോകകപ്പ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റതായി ഏഷ്യാനറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം പൊഴിയൂരിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തലശ്ശേരി എസ്.ഐ മനോജിനാണ് മര്‍ദനമേറ്റത്. പൊഴിയൂരില്‍ ജംഗ്ഷനില്‍ കളി കാണാന്‍ സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്തുണ്ടായിരുന്ന സംഘര്‍ഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റത്.