തിരുവനന്തപുരം: ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍സമിതി ഇന്ന് നടത്തിയ ഹര്‍ത്താലിന്റെ സമയം കഴിഞ്ഞിട്ടും അക്രമങ്ങള്‍ തുടരുന്നു. സംസ്ഥാനത്തുടനീളം വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണ-പ്രത്യാക്രമണമുണ്ടായി.
പാലക്കാട് വീണ്ടും നേരിയതോതില്‍ ബി.ജെ.പി-എല്‍.ഡി.എഫ് സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരം പ്രാവച്ചമ്പലം ഇടക്കോട് സി.പി.ഐ.എം പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. സി.പി.ഐ.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു. ഏറ്റുമുട്ടല്‍. ഏഴ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്.
പേരാമ്പ്രയില്‍ സി.പി.ഐ.എം-ലീഗ് സംഘര്‍ഷമുണ്ടായി. അതേസമയം ദല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി.
ശബരിമല കര്‍മസമിതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി കേരളഹൗസിന് മുന്‍പില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം. മാതൃഭൂമി ക്യാമറാമാന്‍ മുകേഷ്, ന്യൂസ് 18 തമിഴ് റിപ്പോര്‍ട്ടര്‍ സുചിത്ര, ക്യാമറാമാന്‍ രാമരാജന്‍, ന്യൂസ് 24 റിപ്പോര്‍ട്ടര്‍ അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇത് കഴിഞ്ഞും അക്രമം തുടരുകയാണ്. ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ സമാനതകളില്ലാത്ത അക്രമമാണ് കേരളം കണ്ടത്.
ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ പല സ്ഥലത്തും അക്രമാസക്തമായി. പല സ്ഥലത്തും ഇടതുപാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെ പ്രകടനക്കാര്‍ തിരിഞ്ഞു.
ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് ഒരുപാടിടങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രക്ഷോഭകര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.
സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുകളും പൊലീസ് വാഹനങ്ങളും വ്യാപകമായി തകര്‍ത്തു.
മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതുവരെ 559 കേസ് രജിസ്റ്റര്‍ ചെയ്തു. 628 പേരെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്.
അക്രമസംഭവങ്ങളില്‍ കണ്ടാലറിയുന്ന 5000 ത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശബരിമലയില്‍ തുലാമാസപൂജകള്‍ക്കായി നടതുറന്നപ്പോള്‍ നിലയ്ക്കലില്‍ സംഘര്‍ഷം നടത്തിയവരെ പിടികൂടിയതിന് സമാനമായി അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
അതേസമയം ഹര്‍ത്താലിനെ നേരിടാന്‍ പൊലീസിന്റെ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബ്രോക്കന്‍ വിന്‍ഡോ എന്ന പേരില്‍ പ്രത്യേക ഓപ്പറേഷന്‍ തുടങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും.
സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധന നടത്തും.
ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും. സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാമ്പയിന്‍, ഹെയ്റ്റ് ക്യാമ്പയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
WATCH THIS VIDEO: