[] കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹിരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആയുധധാരികളുടെ ആക്രമണം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആക്രമണം ഉണ്ടായത്.
അക്രമികള്‍ തോക്കുകളും മറ്റുമായി കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ഭീകരര്‍ കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചു. വെടിവെപ്പ് നടക്കുമ്പോള്‍ തന്നെ കോണ്‍സുലേറ്റിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനവും ഉണ്ടായി.
തുടര്‍ന്ന് അഫ്ഗാന്‍ സൈന്യവും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയും സംയുക്തമായി അക്രമികളെ നേരിട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമികളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീനും അറിയിച്ചിട്ടുണ്ട്.