കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പൊലീസിനെ അക്രമത്തിന് ആഹ്വാനവുമായി ബി.ജെ.പി. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസല്ല പൊലീസാണ് നമ്മുടെ എതിരാളിയെന്നു പറഞ്ഞാണ് നേതാക്കള്‍ പൊലീസിനെ ആക്രമിക്കാന്‍ അണികളോട് ആവശ്യപ്പെടുന്നത്.
പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബി.ജെ.പി നേതാവായ കലോസോന മോണ്ടലാണ് പൊലീസിനെ ആക്രമിക്കാന്‍ ആവശ്യപ്പെടുന്നത്. പൊലീസിനെ ആക്രമിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം അണികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്യുന്നുണ്ട്.
“ഈ ജില്ലയിലെ പൊലീസില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. നിങ്ങള്‍ അവര്‍ക്കുനേരെ ആയുധങ്ങള്‍ കാണിക്കുകയാണെങ്കില്‍ മാത്രമേ അവര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കൂ. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കരുത്. നിങ്ങള്‍ അവരെ അടിക്കുകയാണെങ്കില്‍ കേസുവരും. അവര്‍ നമ്മുടെ എതിരാളികളല്ല. പൊലീസാണ് എതിരാളികള്‍. പൊലീസിനെ അടിക്കൂ, ഒന്നും സംഭവിക്കില്ല.” എന്നാണ് മൊണ്ടല്‍ പറയുന്നത്.
Also read:വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചു; എന്‍.എസ്.എസില്‍ നിന്ന് സ്ത്രീകളുടെ രാജി
ബി.ജെ.പി മഹിളാ മോര്‍ച്ചാ പ്രസിഡന്റ് ലോകത് ചാറ്റര്‍ജിയും വനിതാ അണികള്‍ക്ക് സമാനമായ നിര്‍ദേശം നല്‍കുന്നുണ്ട്. നിങ്ങള്‍ ആയുധമെടുത്ത് ആവശ്യം വരികയാണെങ്കില്‍ അക്രമത്തിനു തയ്യാറാകൂവെന്നാണ് സ്ത്രീകളോട് മഹിളാ മോര്‍ച്ചാ നേതാവ് പറയുന്നത്.
“നമ്മള്‍ ഭരണകൂടത്തെ ആശ്രയിക്കുകയാണെങ്കില്‍ ഭാവിയില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചില സംഭവങ്ങളുണ്ടായി. പൊലീസ് യാതൊരു നടപടിയുമെടുത്തില്ല. അതുകൊണ്ടാണ് സ്വയംരക്ഷയ്ക്ക് സ്ത്രീകള്‍ ആയുധമെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്.” ചാറ്റര്‍ജി പറഞ്ഞു.