കോഴിക്കോട്: മംഗലാപുരം-ചെന്നൈ എക്‌സ്പ്രസില്‍ വനിതാ ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ സീറ്റിലിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. സംഭവത്തില്‍ വടകര സ്വദേശി രൈരുവിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രജിത കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം നടന്നത്. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ കയറിയതിനെയായിരുന്നു ടി.ടി.ആര്‍ ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്നായിരുന്നു രൈരുവെന്ന യാത്രക്കാരന്‍ ടി.ടി.ആറിന്റെ മുഖത്തടിച്ചത്. കോഴിക്കോട് സ്‌റ്റേഷനില്‍ എത്തിയപ്പോയാണ് റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
നോര്‍ത്ത് ഇന്ത്യയിലൊക്കെ ഇത് സ്വാഭാവികമാണല്ലോ, കേരളത്തിലെന്താ പ്രശ്‌നമെന്ന് പറഞ്ഞുകൊണ്ട് മുഖത്തടിക്കുകയായിരുന്നുവെന്നാണ് ടി.ടി ആര്‍ പറയുന്നത്. മൂന്ന് പ്രാവശ്യം അടിച്ചെന്നും ടി.ടി ആര്‍ പറഞ്ഞു.
‘ഞാന്‍ സ്‌പെക്‌സ് വെച്ചിട്ടുണ്ടായിരുന്നു. അത് തെറിച്ചു പോയി. ആ സമയത്ത് മൂന്ന് തവണയോളം അയാള്‍ അടിച്ചു. ചുണ്ടൊക്കെ പൊട്ടി. അപ്പോഴേക്കും യാത്രക്കാര്‍ അയാളെ വന്ന് പിടിച്ചുനിര്‍ത്തി. കൊയിലാണ്ടി എത്തിയതും അയാള്‍ കോച്ചില്‍ നിന്നും ഇറങ്ങിയോടി മറ്റൊരു കോച്ചില്‍ കയറി,’ രജിത പറയുന്നു.
Content Highlights: Attack against women TTR in mangalapuram chennai express