നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രധാന സാക്ഷിയടക്കം രണ്ട് പേര്‍ക്ക് നേരെ ആക്രമണം. തൂണേരി ആവടിമുക്കിനടുത്തുവെച്ചാണ് കേസിലെ ഒരു സാക്ഷിക്ക് മര്‍ദ്ദനമേറ്റത്.
കേസിലെ സാക്ഷിയും കര്‍മസമിതി പ്രവര്‍ത്തകനുമായ നീലംചിറയില്‍ മന്‍സൂറിന് (32)നാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ കാറിടിച്ച് വധിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുവാണ് മന്‍സൂര്‍. ഇദ്ദേഹത്തെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മന്‍സൂറിന് മര്‍ദ്ദനമേറ്റത്.
വൈകീട്ട് ആറിനാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രി വളപ്പില്‍വെച്ചാണ് പീഡനക്കേസിലെ പ്രധാന സക്ഷിയായ ചെറുകുനിയില്‍ ഉസ്മാന് മര്‍ദനമേറ്റത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മന്‍സൂറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ സമയത്താണ് ഉസ്മാന് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ മുഖത്തും ശരീരത്തും പരിക്കേറ്റിട്ടുണ്ട്.
ഉസ്മാനെയും നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരിയില്‍ നിന്ന് മോട്ടോര്‍ ബൈക്കില്‍ വരുമ്പോള്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് മന്‍സൂറിന്റെ പരാതി. ഇരുന്നാവൂരീമ്മല് മമ്മുവിനെതിരെയാണ് മന്‍സൂര്‍ പരാതി നല്‍കിയിരിക്കുന്നത്. ബൈക്കില്‍ കാറിടിച്ചതിനെത്തുടര്‍ന്ന് തെറിച്ച് വീണ മന്‍സൂറിനെ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഇരുന്നാവൂരീമ്മല് മമ്മുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മന്‍സൂറിനെ കാണാന്‍ ആശുപത്രിയിലെത്തിയിപ്പോള്‍ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് പുതിയോട്ടുകണ്ടി റഈദ് മര്‍ദ്ദിച്ചുവെന്നാണ് ഉസ്മാന് പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ഇരു വിഭാഗവും തടിച്ച് കൂടിയത് സംഘര്‍ഷത്തിനിടയാക്കി. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.