| Monday, 28th October 2019, 1:56 pm

വര്‍ക്കലയില്‍ സ്‌കൂളില്‍ കടന്നുകയറി പൊലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്ന് ആരോപണം; പ്രതിരോധിച്ചതാണെന്ന് പൊലീസ് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂളില്‍ കടന്നുകയറി പൊലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്ന് ആരോപണം. വര്‍ക്കല സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചെന്നും അതിനെത്തുടര്‍ന്നാണ് പൊലീസ് ഇവിടെയെത്തി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.

യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ ഒരു സംഘം പ്ലസ് ടു വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ പ്രിന്‍സിപ്പല്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ള സംഘം ഇവിടെയെത്തി വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് അഴിച്ചുവിടുകയായിരുന്നു.

എന്നാല്‍ വിദ്യാര്‍ഥികള്‍ തങ്ങളെ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണു ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മര്‍ദ്ദനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ സുധീഷിനു പരിക്കേറ്റു. സുധീഷിനെ ശിവഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കബഡി ടീമംഗമായ സുധീഷ് അടുത്ത ദിവസം തന്നെ ജില്ലാ തലത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് സംഭവം.

ഇതില്‍ നാട്ടുകാര്‍ പൊലീസിനെതിരെ വന്‍തോതിലുള്ള പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസിനെതിരെ പരാതി നല്‍കാനാണു വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ തീരുമാനം.

We use cookies to give you the best possible experience. Learn more