തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ സന്തോഷിപ്പിക്കാനാണ് സന്ദീപാനന്ദ ഗിരിക്ക് നേരെ ആക്രമണം നടത്തിയതെന്ന് മന്ത്രി എ.കെ ബാലന്‍. ഫാസിസത്തിനെതിരെ ഉറച്ച നിലപാട് എടുക്കുന്ന സന്ദീപാനന്ദയെ ഇല്ലാതാക്കുകയാണ് ശ്രമം. കേരളത്തിലെ വിശ്വാസികളെ ഉപയോഗിച്ച് വിമോചനം ഉണ്ടാക്കാനാണല്ലോ ബി.ജെ.പി യുടെ ശ്രമമെന്നും ബാലന്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണം നടന്നത്. അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെച്ചും രക്ഷപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.
ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്കും താഴമണ്‍ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഈ അക്രമണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണിതെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചിരുന്നു.
നേരത്തെ തുഞ്ചന്‍ പറമ്പില്‍ തനിക്ക് നേരെയുണ്ടായ ആക്രമണം നടത്തിയവരില്‍ നാല് ആര്‍.എസ്.എസുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.
സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചിരുന്നു. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്.ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.