വംശീയം എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ നടന്‍ സാമുവല്‍ റോബിന്‍സണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിദ്വേഷം നേരിട്ടുവെന്ന ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് വംശീയം എന്ന വാക്കുപയോഗിച്ചതിന്റെ പേരില്‍ സാമുവലിനെതിരെ ഒരുവിഭാഗം ആക്രമണവുമായി രംഗത്തുവന്നത്.
ഇത് പ്രതിഫലത്തിന്റെ പ്രശ്‌നം മാത്രമാണെന്നും വംശീയ വിവേചനമല്ലെന്നും പറഞ്ഞാണ് ആക്രമണം. നവാഗതര്‍ക്ക് കുറഞ്ഞ പ്രതിഫലം നല്‍കുന്നത് പതിവാണെന്നും അതില്‍ വിവേചനമൊന്നുമില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ ന്യായവാദം. എന്നാല്‍ നവാഗതര്‍ക്കു നല്‍കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് തനിക്കു നല്‍കിയതെന്നാണ് സാമുവല്‍ വെളിപ്പെടുത്തിയത്.
“മിസ്റ്റര്‍ സാമുവല്‍,
ഇതിനെ വംശീയതയുമായി ബന്ധിപ്പിക്കേണ്ട. നവാഗതര്‍ക്ക് കുറഞ്ഞ പ്രതിഫലം നല്‍കുന്ന രീതി ഇവിടെ സര്‍വ്വ സാധാരണമാണ്. അതുകൊണ്ട് വിവേചനമുണ്ടെന്ന് കരുതേണ്ട” എന്നാണ് ഒരാളുടെ പ്രതികരണം.
നൈജീരിയയ്ക്കാരുടെ മാനസികാവസ്ഥയുടെ പ്രശ്‌നമാണ് ഇതെല്ലാം എന്നു പറഞ്ഞ് ചിലര്‍ നൈജീരിയന്‍ ജനതയെ ആകെ അധിക്ഷേപിക്കുന്നുമുണ്ട്. ” നൈജീരിയയ്ക്കാരെല്ലാം ഇങ്ങനെയാണെന്ന് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്. എന്തുവന്നാലും ഇന്ത്യക്കാര്‍ വംശീയവാദികളാണെന്ന അവരുടെ മാനസികാവസ്ഥ മാറാന്‍ പോകുന്നില്ല.” എന്നാണ് പ്രതികരണം.
“വംശീയത എന്ന വാക്ക് നിങ്ങളുടെ പോസ്റ്റില്‍ നിന്നും പിന്‍വലിക്കുന്നതുവരെ അത് അസംബന്ധമായാണ് തോന്നുന്നത്. പ്രതിഫല പ്രശ്‌നത്തെ നിങ്ങള്‍ വംശീയതയുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ വംശീയതയെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയുടെ ഭാഗമാകുകയാണ്. ഇവിടെ ആരെങ്കിലും വംശീയത കാണിക്കുന്നുണ്ടെങ്കില്‍ അത് നിര്‍മ്മാതാവോ ഈ സിനിമയുമായി ബന്ധപ്പെട്ട മറ്റാരോ അല്ല നിങ്ങളാണ്” എന്നാണ് മറ്റൊരാളുടെ “കണ്ടെത്തല്‍.”
സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടിട്ടുണ്ടെന്ന് കഴിഞ്ഞദിവസമാണ് സാമുവല്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. വളരെക്കുറഞ്ഞ പ്രതിഫലം മാത്രമാണ് തനിക്കു ലഭിച്ചതെന്നും സിനിമ വിജയിച്ചാല്‍ കൂടുതല്‍ തുക നല്‍കാമെന്ന വാഗ്ദാനം പാലിച്ചിട്ടില്ലെന്നുമാണ് സാമുവല്‍ പറഞ്ഞത്.
Watch Video Interview: