| Thursday, 7th September 2017, 10:17 am

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരെ വിമര്‍ശിച്ചു; രവിശങ്കര്‍പ്രസാദിനെതിരെ സംഘപരിവാര്‍ ഓണ്‍ലൈന്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആഹ്ലാദപ്രകടനം നടത്തിയവരെ വിമര്‍ശിച്ചതിന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍പ്രസാദിനെതിരെ സംഘപരിവാര്‍ ഓണ്‍ലൈന്‍ ആക്രമണം.

ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നോ ? നിങ്ങളെ ഇപ്പോള്‍ അഭിനന്ദിക്കുന്നവരുടെ ട്വീറ്റുകള്‍ കണ്ടിട്ടുണ്ടോ. നാണം കെട്ട കീഴടങ്ങലാണിത്.

ബിന്‍ലാദന്റെയും കസബിന്റെയും കാര്യത്തില്‍ താങ്കള്‍ക്ക് ദുഖമുണ്ടാകുമോ ? സൈനികരുടെ മരണം ജെ.എന്‍.യുവിലുള്ളവര്‍ ആഘോഷിച്ചപ്പോള്‍ എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചത്. പഠിപ്പിക്കാന്‍ വരരുത്. എന്നിങ്ങനെയാണ് ചില ട്വീറ്റുകള്‍.

അതേ സമയം കൊലപാതകത്തെ ന്യായീകരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളെ ഫോളോ ചെയ്യുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കുമോയെന്നും ചോദ്യമുയരുന്നുണ്ട്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരിഹസിക്കുകയും സന്തോഷിക്കുകയും ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മിക്കതും കേന്ദ്രമന്ത്രിമാര്‍ ഫോളോ ചെയ്യുന്നതാണ്. ഗൗരിയുടെ കൊലപാതകത്തെ അവഹേളിച്ച നാല് ട്വിറ്റര്‍ അക്കൗണ്ടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പിന്തുടരുന്നതാണ്. ഗൗരിയുടെ കൊലയെ ബുര്‍ഹാന്‍ വാനിയോട് താരതമ്യം ചെയ്ത ആശിഷ് സിംഗിന്റെ ട്വിറ്റര്‍ നരേന്ദ്രമോദിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ പിന്തുടരുന്നതാണ്.

We use cookies to give you the best possible experience. Learn more