| Sunday, 26th December 2021, 8:17 am

കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം; ജീപ്പുകള്‍ കത്തിച്ചു, സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിഴക്കമ്പലം: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് ജീപ്പുകള്‍ കത്തിക്കുകയും ചെയ്തു.

കുന്നത്തുനാട് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ക്കാണ് തൊഴിലാളികള്‍ തീയിട്ടത്. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അക്രമത്തില്‍ സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.

ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. 150ലധികം തൊഴിലാളികളെ പ്രദേശത്ത് നിന്നും കസ്റ്റഡിയിലെടുത്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്യാമ്പിനുള്ളില്‍ കയറി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി.

കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റ് നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിറ്റുണ്ട്.

പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇപ്പോള്‍ സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് റൂറല്‍ എസ്.പി കെ.കാര്‍ത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

മുന്‍പും തൊഴിലാളികള്‍ പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ പൊലീസ് ഇടപെട്ടിരുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Attack against police from migrant workers in Kizhakkambalam

We use cookies to give you the best possible experience. Learn more