പയ്യോളി: 70കാരനെതിരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ പേരില്‍, കൊല്ലപ്പെട്ട ബി.എം.എസ് പ്രവര്‍ത്തകന്‍ സി.ടി മനോജിന്റെ ഭാര്യ പുഷ്പ, സഹോദരന്‍ ബിജു എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തു. കേസില്‍ ബിജു ഒഴികെയുള്ള ബാക്കി അഞ്ച് പേരും സ്ത്രീകളാണ്.
കുരിയാടി നാണുവിന്റെ പരാതിയിലാണ് കേസ്. വീട് വൃത്തിയാക്കാന്‍ വന്നപ്പോള്‍ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി.
മനോജിന്റെ വീടിന് സമീപമായിരുന്നു നാണുവിന്റെ താമസം. മനോജ് കൊല്ലപ്പെട്ട ശേഷം നാണുവിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിനുശേഷം ഇവിടെ ആള്‍ത്താമസമില്ല. ഈ വീട് വൃത്തിയാക്കാന്‍ വന്നപ്പോഴാണ് നാണുവിന് നേരെ ആക്രമണമുണ്ടായത്.
പരിക്കേറ്റ നാണുവിനെ പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് ആദ്യമെടുത്തതും ഈ കേസാണ് .
എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മനോജിന്റെ ഭാര്യ പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വൃദ്ധന്‍ പുഷ്പയെ ആക്രമിച്ചതായി പ്രചാരണം നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതി പ്രകാരം മനോജ് വധക്കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന നിധീഷിന്റെ പേരി പോലീസ് ആദ്യം കേസെടുത്തെങ്കിലും അന്വേഷണത്തില്‍ തെളിവൊന്നും ലഭിക്കാതിരുന്നതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു.
പുഷ്പയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലും മറ്റും പ്രതിഷേധിച്ച് ഇന്നലെ ബി.ജെ.പി പയ്യോളിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.