ചണ്ഡീഗഡ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രാഷ്ട്രത്തെ മുഴുവനായി കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ മന്ത്രി നവ്‌ജോത് സിങ് സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം. സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ബജറ്റ് സെഷന്‍ തടസപ്പെടുത്തി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ധു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. സോണി ടി.വി സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരിപാടി “ദി കപില്‍ ശര്‍മ ഷോ”യിലാണ് സിദ്ധുവിന്റെ വിവാദ പരാമര്‍ശമുണ്ടായത്.
തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സിദ്ധുവിന്റെ പരാമര്‍ശം. “ഭീകരവാദികള്‍ക്ക് ജാതിയോ മതമോ ദേശാതിര്‍ത്തിയോ ഇല്ല. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. പുല്‍വാമയിലുണ്ടായ ആക്രമണം തീര്‍ത്തും ദുഃഖകരമാണ്. അങ്ങേയറ്റം അപലപിക്കുന്നു. ഇത് ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം” – എന്നായിരുന്നു സിദ്ധുവിന്റെ വാക്കുകള്‍.
പ്രസ്താവന വിവാദമായതോടെ സ്വകാര്യ ഹിന്ദി ചാനലിലെ കോമഡി ഷോയില്‍ നിന്ന് സിദ്ധുവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി എം.എല്‍.എ ബിക്രം സിങ് മജീദിയയുടെ നേതൃത്വത്തിലാണ് അകാലിദള്‍ നേതാക്കള്‍ സിദ്ധുവിന്റെ ചിത്രങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റേയും പഞ്ചാബ് സര്‍ക്കാറിന്റേയും നിലപാട് അറിയണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.
സിദ്ധു പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ പാക് സൈനിക മേധാവിയുടെ കൂടെ എടുത്ത ചിത്രവും അകാലിദള്‍ നേതാക്കള്‍ കത്തിച്ചു. അതേസമയം, നിയമസഭയില്‍ മജീദിയയും സിദ്ദുവും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പിന്നീട് സ്പീക്കര്‍ ഇടപെട്ട് രംഗം തണുപ്പിക്കുകയായിരുന്നു.
പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനേയും പാക് സൈനിക മേധാവിയേയും കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് തയാറുണ്ടോ എന്നും മജീദിയ ചോദിച്ചു. നിയമസഭയില്‍ പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ക്ക് പാകിസ്താനേയോ ഇംറാനെ വ്യക്തിപരമായോ കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നാണ് സിദ്ധു ഇപ്പോഴും പറയുന്നതെന്നും മജീദിയ കുറ്റപ്പെടുത്തി.
സിദ്ധുവിനെ തള്ളിയ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സിദ്ധുവിന് സൈനികരുടെ വേദന മനസിലാക്കാനായിട്ടില്ലെന്ന് പ്രതികരിച്ചു. സഭക്ക് പുറത്ത് പാകിസ്താന്റെ പതാക കത്തിച്ച് ഭരണപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിദ്ധു വ്യക്തമാക്കി.