നാടുകാണി: നിലമ്പൂര്‍- ഗുഡല്ലൂര്‍ റോഡില്‍ നാടുകാണി ചുരത്തിലെ മഖാം ജാറം അഞ്ജാതര്‍ പെളിച്ചു നീക്കി. നിരവധി തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന പുരാതനമായ ശൈഖ് മുഹമ്മദ് സ്വാലിഹ് എന്നിവരുടെ ജാറത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ജാറം പൊളിച്ച് നീക്കിയ അക്രമികള്‍ ജാറത്തില്‍ വാഴയും തെങ്ങും നട്ടു.
ഇന്നുരാവിലെയോടെയാണ് ജാറം പൊളിച്ച് നീക്കിയത് പരിസരവാസികള്‍ അറിയുന്നത്. രണ്ടാഴ്ച മുമ്പും ജാറത്തിനു നേരെ സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു. മഖാം അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2009 ല്‍ ജാറം പൊളിക്കാനെത്തിയ നാലു മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ബൈക്കിലെത്തിയ നാലംഗ സംഘം രാത്രി ജാറം പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ നൈറ്റ് പട്രോളിങ് സംഘമായിരുന്നു ഇവരെ പിടികൂടിയത്. തീവ്ര സലഫി ആശയക്കാരായിരുന്നു അറസ്റ്റിലായിരുന്നവര്‍. ഈ കേസ് നടന്നുവരികയാണ്. ഇതിനിടയിലാണ് ജാറത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
“ഏത് മതസ്ഥരുടെ ശവകുടീരത്തിനോടായാലും ഈ രീതിയിലുള്ള ആക്രമങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മതവികാരങ്ങള്‍ വൃണപ്പെടുത്തുന്ന നടപടിയാണിതെന്നുമാണ്” നാട്ടുകാര്‍ പറയുന്നത്. മഹത്തുക്കളായ സൂഫികളുടെ ഖബര്‍ കെട്ടി പൊക്കുന്നതും ഇവരെ ആദരിക്കുന്നതും അനിസ്‌ലാമികമാണെന്ന് വിശ്വസിക്കുന്നവരാണ് ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്ര സലഫി ആശയക്കാര്‍.
ഐ.എസ് നടത്തുന്നതിന് സമാനമായ അക്രമസംഭവമാണ് നാടുകാണിയിലേതും. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ചരിത്രസ്മാരകങ്ങള്‍ക്കും ജാറമുകള്‍ക്കും നേരെ ഇത്തരത്തിലുള്ള തീവ്രവാദ അക്രമങ്ങള്‍ നടക്കാറുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ മുസ്‌ലിം ജമാഅത്ത് വഴിക്കടവ് സര്‍ക്കിള്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു.