| Tuesday, 25th October 2022, 2:35 pm

വീടുകള്‍ പൊളിച്ചു നീക്കി, തൊഴില്‍ ചെയ്യാന്‍ അനുവാദം നിഷേധിച്ചു; ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ തീരദേശത്ത് മുസ്‌ലിം വിഭാഗത്തിനെതിരെ സര്‍ക്കാര്‍ അരംഭിച്ച പൊളിക്കല്‍ നടപടികള്‍ തുടരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ചും അനധികൃത നിര്‍മാണമെന്നാരോപിച്ചുമാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ നടപടിയാണ് ഇപ്പോഴും പുരോഗമിക്കുന്നത്.

ആയിരക്കണക്കിന് കെട്ടിടങ്ങളാണ് സര്‍ക്കാര്‍ ഇതിനകം പൊളിച്ചുനീക്കിയത്. നിരവധി പേര്‍ക്കാണ് സര്‍ക്കാര്‍ നടപടിയില്‍ വീടികള്‍ നഷ്ടമായത്. വര്‍ഷങ്ങളായി മുസ്‌ലിം വിഭാഗത്തിന് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ തുടരുകയാണെന്നും അതിന്റെ ഭാഗമാണ് നിലവിലെ ആക്രമണമെന്നുമാണ് ന്യൂനപക്ഷങ്ങള്‍ പറയുന്നത്.

പോര്‍ബന്തറിനടുത്ത ഗോസബാരയിലെ വര്‍ഷങ്ങളായി നൂറിലധികം മുസ്‌ലിം കുടുംബങ്ങള്‍ ഇത്തരം വേട്ടയാടലുകള്‍ നടത്തുകയാണെന്നും അവര്‍ പറയുന്നു.

വീടുകള്‍ക്കു പുറമെ തൊഴില്‍ ചെയ്യുന്നതിനും ഗുജറാത്തിലെ മുസ്‌ലിം വിഭാഗം പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഗോസബാരയിലെ ആളുകള്‍ക്ക് മീന്‍ പിടിക്കാനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്, ബജ്‌റങ്് ദള്‍ തുടങ്ങിയ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും, സാമൂഹ്യ വിരുദ്ധരുമാണെന്ന് ആരോപിച്ചാണ് ഗോസബാരയിലെ മീന്‍ പിടുത്തക്കാര്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ പരാതി നല്‍കിയിരുന്നത്.

തങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം.

ഗോസബാരയിലെ ആളുകള്‍ക്ക് നവിബന്ദറില്‍ മീന്‍പിടുത്തത്തിന് അനുവാദം നല്‍കിയാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് അനുവാദം നല്‍കുന്ന അധികൃതര്‍ക്കാകുമെന്നും കാണിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ പരാതി നല്‍കിയത്.

മാര്‍ച്ച് രണ്ടിനാണ് പ്രദേശത്ത് മുസ്‌ലിങ്ങള്‍ക്ക് അധികൃതര്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് 600 പേര്‍ക്ക് കൂട്ട ദയാവധത്തിന് അനുമതി നല്‍കണമെന്നായിരുന്നു മുസ്‌ലിം വിഭാഗം പ്രതികരിച്ചത്. തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്ത പക്ഷം ദയാവധത്തിന് അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഇവര്‍ക്ക് അധികൃതര്‍ മീന്‍പിടുത്തത്തിന് അനുമതി നല്‍കുകയായിരുന്നു.

വിചാരണയോ നോട്ടീസ് നല്‍കലോ അല്ലാതെയാണ് കുടുംബങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തത്.

Content Highlight: Attack against Muslims continuing in gujarat says reports

Latest Stories

We use cookies to give you the best possible experience. Learn more