| Sunday, 23rd February 2020, 12:28 pm

വിഴിഞ്ഞത്ത് അതിഥി സംസ്ഥാന തൊഴിലാളിയ്‌ക്കെതിരെ ആധാര്‍ ചോദിച്ച് ആക്രമണം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിഥിസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മര്‍ദ്ദനത്തിനിരയായ ഗൗതം മണ്ഡലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പണികഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയെ വിഴിഞ്ഞം മുക്കോല ഓട്ടോസ്റ്റാന്‍ഡിലെ സുരേഷ് എന്നയാളാണ് മര്‍ദ്ദിച്ചത്. ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദ്ദനം.

ഗൗതമിന്റെ കാര്‍ഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പോലീസ് സ്റ്റേഷനില്‍ വന്നു വാങ്ങെടാ ‘ എന്നും പറയുകയും ഗൗതമിനെ അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാത്രി ഏഴരയോടെ പണി കഴിഞ്ഞ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഗൗതത്തിന്റെ ശരീരത്തില്‍ പിന്നോട്ട് എടുക്കുകയായിരുന്ന സുരേഷിന്റെ ഓട്ടോ തട്ടി. ഇത് ചോദിച്ച ഗൗതത്തെ സുരേഷ് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

എന്റെ ആധാറും ലൈസന്‍സും ഇതാ നിന്റെ ആധാര്‍ എവിടെടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഗൗതത്തിനെ സുരേഷ് അടിച്ചത്. ഞാന്‍ കാണിച്ച് തരാം എന്ന് പറഞ്ഞ് പേഴ്സില്‍ നിന്ന് ഗൗതം തന്റെ ആധാര്‍കാര്‍ഡ് എടുക്കുന്നതിനിടെ സുരേഷ് ഗൗതമിന്റെ മുഖത്ത് വീണ്ടുമടിക്കുകയായിരുന്നു.

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗൗതമിന്റെ തിരിച്ചറിയല്‍ കാര്‍ഡ് സുരേഷ് പിടിച്ചു വാങ്ങുകയും ചെയ്തു. നീ എവിടുത്തുകാരനാ, ജാര്‍ഖണ്ഡോ ഒറിസയോ ബംഗാളോ ആധാര്‍ കാണിക്കെടാ ഇതൊക്കെ ക്യാമറയില്‍ പിടിക്കെടാ എന്നൊക്കെ ആക്രോശിച്ചായിരുന്നു സുരേഷ് ഗൗതമിനെ മര്‍ദ്ദിച്ചത്.

അതേസമയം വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്.

ഗൗതമിനെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുഖത്ത് നിരവധി തവണ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പള്ളിയില്‍ നിസ്‌കരിക്കാന്‍ പോകാന്‍ ഇറങ്ങിയ മൊബൈല്‍ കടയുടമയെ സിം കാര്‍ഡ് നല്‍കിയില്ലെന്നാരോപിച്ച് ഇയാള്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ക്രിമിനല്‍ മനോഭാവമുള്ള സുരേഷ് പലപ്പോഴും മനോരോഗ ചികിത്സ മറയാക്കിയാണ് ആക്രമണം നടത്തിയിരുന്നത്. ഇയാള്‍ പിടിയിലായതോടെയാണ് പരാതിയുമായി നിരവധിപേര്‍ വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്.

ഇക്കഴിഞ്ഞ ഏഴാം തിയതി ഉച്ചക്ക് 12.40 നായിരുന്നു സംഭവം. മുക്കോല ജംങ്ഷനിലുളള മൊബൈല്‍ കടയില്‍ പുതിയ സിംകാര്‍ഡ് വാങ്ങാനെത്തിയ സുരേഷ്, കടയുടമ ബാലരാമപുരം വാണിയര്‍ തെരുവ് സ്വദേശി മുനീറിനെ മര്‍ദ്ദിക്കുകയായിരുന്നു. പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ പോകുന്നതിനാല്‍ അരമണിക്കൂര്‍ കഴിഞ്ഞ് വരാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സുരേഷ് മുനിറീനെ മര്‍ദ്ദിച്ചത്. സംഭവം നടന്ന ദിവസം തന്നെ സുരേഷിനെതിരെ മുനീര്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

മാസങ്ങള്‍ക്ക് മുന്‍പ് ഓട്ടോറിക്ഷയില്‍ കയറിയ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയത്തിന് സുരേഷിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയ സുരേഷിനെ മാനസികസവസ്ഥ്യം പ്രകടിപ്പിക്കുകയും വായില്‍ നിന്ന് നുരയും പതയും വന്ന് രോഗ ലക്ഷണങ്ങള്‍ കാട്ടിയതിനാലും പൊലീസ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു.

വഴിയിലൂടെ നടന്നുപോയ കുട്ടിയോട് ഓട്ടോറിക്ഷയില്‍ കയറാന്‍ ആവശ്യപ്പെടുകയും കുട്ടി വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അസഭ്യം വിളിച്ചെന്ന പരാതിയും സുരേഷിനെതിരെയുണ്ട്. ഇയാളെ കുറിച്ച് അറിയാവുന്ന ആരും ഇയാളുടെ ഓട്ടോറിക്ഷ സവാരിക്ക് വിളിക്കില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ വിഴിഞ്ഞം പൊലീസിന്റെ മുക്കോല ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ അംഗീകൃത ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പട്ടികയിലുള്ള ആളാണ്.

ഇയാള്‍ക്ക് മാനസികാസവസ്ഥ്യം ഉണ്ടെന്നും ചികിത്സയിലാണെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇത് പൊലീസ് മുഖവരയ്ക്ക് എടുത്തിട്ടില്ല. ഇത്തരത്തില്‍ മനസികാസ്വസ്ഥ്യം ഉള്ളയൊരാള്‍ എങ്ങനെ പൊലീസിന്റെ അനുമതിയോടെ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more