India
മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ച സംഭവം: കസ്റ്റഡിയിലുള്ളവരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ അനുജനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 30, 07:57 am
Friday, 30th August 2019, 1:27 pm

 

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നയാളുടെ അനുജനും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനടക്കം മൂന്നുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കസ്റ്റഡിയിലുള്ളവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രാമകൃഷ്ണന്‍ ആണ് അറസ്റ്റിലായതെന്ന് വളാഞ്ചേരി പൊലീസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമമായ ഈനാട്.ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടന്നിരുന്നു.

ക്ഷേത്രത്തിനെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞിരുന്നു. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പുനരുദ്ധരിച്ച് പൂജ തുടങ്ങിയത്.