മലപ്പുറം: പ്രമുഖ വ്യവസായി കെ.ടി റബീയുള്ളായെ തട്ടിക്കൊണ്ടുപോകാന്‍ ബി.ജെ.പി നേതാവ് ശ്രമിച്ചത് വീട്ടിലുണ്ടെന്നറിയിച്ച് റബീയുള്ളാ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ. താന്‍ കോഡൂരിലുള്ള വീട്ടിലുണ്ടെന്നറിയിച്ച് ഫേസ്ബുക്കിലൂടെ റബീയുള്ളാ വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റും സംഘവും അദ്ദേഹത്തിന്റെ വീട്ടിലേക്കു അതിക്രമിച്ചു കയറാനും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്.
ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് ആക്രമത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. താന്‍ വീട്ടിലുണ്ടെന്ന് അറിയിച്ച് റബീയുള്ളാ ശനിയാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ബി.ജെ.പി നേതാവുള്‍പ്പെട്ട സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
വീട്ടിലേക്കു അതിക്രമിച്ചു കയറിയ സംഘം രണ്ടു തോക്കുകള്‍ ചൂണ്ടിക്കാട്ടി കാവല്‍ക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. വീടിന്റെ മുന്‍ഭാഗത്തുള്ള ഗേറ്റും മതിലും ചാടിക്കടന്നാണ് ഇവര്‍ അകത്തു കയറിയത്.
വീട്ടിലേക്കു അതിക്രമിച്ചു കയറുന്നതുകണ്ട നാട്ടുകാര്‍ മതിലിനുപുറത്ത് നിന്നവരെ ചോദ്യം ചെയ്യുകയും അവരുടെ മറുപടിയില്‍ പന്തികേട് തോന്നിയപ്പോള്‍ പൊലീസിനെ വിളിക്കുകയുമായിരുന്നു.
അതോടെ എല്ലാവരും വാഹനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു കാറിന്റെ ടയര്‍ നാട്ടുകാര്‍ കാറ്റഴിച്ചുവിട്ടിരുന്നതിനാല്‍ അതിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇവരെ പൊലീസ് പിടികൂടുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം കുരിക്കള്‍, ഗണ്‍മാന്‍മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കെ.ടി റബീയുള്ളായെ കാണാനില്ലെന്നും അദ്ദേഹം വീട്ടുതടങ്കലിലാണെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായതോടെയാണ് അദ്ദേഹം വീഡിയോയുമായി രംഗത്തുവന്നത്.
“ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന ഞാന്‍ ഡോകട്ര്‍മാര്‍ പറഞ്ഞതനുസരിച്ചു എല്ലാത്തിനും ഒരു താല്‍ക്കാലിക അവധി നല്‍കി ചെറിയ ഒരു ചികിത്സയില്‍ ആയിരുന്നു, ഇപ്പോള്‍ എന്റെ കുടുംബത്തോടും കൊച്ചു മക്കളോടും ഒത്ത് ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ എല്ലാ വിധ ഔദ്യോഗിക തിരക്കുകളും മാറ്റി വച്ച് വിശ്രമത്തില്‍ ആണ് , കുറച്ചു നാള്‍ കൂടി വിശ്രമം ആവശ്യമാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്.