അഴീക്കോട്: മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജിയുടെ വീട് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യൂത്ത് ലീഗ് പ്രവര്‍ത്തകരായ അഴീക്കോട് പഞ്ചായത്തംഗം കടപ്പുറം റോഡി പി.പി ഫസല്‍, കണ്ണാടിപ്പറമ്പിലെ വി.പി റംസീന്‍, പൊയ്തുകടവിലെ ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു കെ.എം ഷാജിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. ഷാജി അഴീക്കോട് മണ്ഡലത്തില്‍ ചില പരിപാടികളില്‍ പങ്കെടുത്തു കോഴിക്കോട്ടേക്കു തിരിച്ച ഉടനെയായിരുന്നു ആക്രമണം.
ബെക്കിലെത്തിയ മൂന്നുപേര്‍ വീടിന്റെ താഴത്തെ നിലയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം.
ഷാജിയുടെ ഗണ്‍മാന്റെ പരാതിയില്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്.
മണ്ഡലത്തില്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എ സ്റ്റാഫ് അംഗത്തോടൊപ്പം എത്തിയതു സംബന്ധിച്ച് ബുധനാഴ്ച രാവിലെ ചിലര്‍ നേതാക്കളോടു പരാതിപ്പെട്ടിരുന്നു.
സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ അഴീക്കോട് പഞ്ചായത്ത് പരിധിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ കൈക്കൊണ്ട ധാരണ ലംഘിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.