കോഴിക്കോട്: കണ്ണൂര്‍ പുതിയങ്ങാടി കടപ്പുറത്ത് അനധികൃത മണലെടുപ്പ് തടയാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തക ജസീറ.വി മാടായിക്ക് നേരെ വധശ്രമം. മണലെടുപ്പ് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കവെ സംഘടിച്ചെത്തിയ സ്ത്രീ തൊഴിലാളികളാണ് ജസീറയെ മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്.
പുരുഷന്മാരുടെ അകമ്പടിയിലാണ് സ്ത്രീകള്‍ തന്നെ ആക്രമിച്ചതെന്ന് ജസീറ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സ്ഥലത്ത് നിന്നും ഒടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും ജസീറ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ജസീറ ഇപ്പോള്‍ എരുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നീരൊഴുക്കും ചാല് സ്വദേശിനിയായ ജസീറയുടെ ഇടപെടല്‍ കാരണം കഴിഞ്ഞ കുറച്ച് കാലമായി പുതിയങ്ങാടി കടപ്പുറത്ത് അനധികൃത മണലെടുപ്പ് മുടങ്ങിയിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് വേളയിലാണ് തനിക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് ജസീറ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ തന്നെ നിലയ്ക്ക് നിര്‍ത്തുമെന്ന് തീരദേശവാസികളായ മണലെടുപ്പുകാര്‍ക്ക് ലീഗിന്റെയടക്കം സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനം നല്‍കിയിരുന്നതായും ജസീറ പറഞ്ഞു.