|

ഗുരുവായൂരില്‍ ഹര്‍ത്താലിനിടെ സി.ഐയെ ആക്രമിച്ച സംഭവം; മുഖ്യപ്രതിയായ ആര്‍.എസ്.എസ് സേവാപ്രമുഖ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനിടെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സി.ഐയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

ആര്‍.എസ്.എസ് കാട്ടകമ്പാല്‍ മണ്ഡല്‍ സേവാപ്രമുഖ് പെങ്ങാമുക്ക് താഴത്തേതില്‍ പ്രണലിനെയാണ് ടെമ്പിള്‍ എസ്.ഐ. പി.എം.വിമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സി.ഐയെ പ്രണല്‍ ആക്രമിക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

Also Read  ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവം; മുഖ്യ ആസൂത്രകനായ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഹര്‍ത്താലിനിടെ സംഘപരിവാര്‍ സംഘടനകള്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ കടകള്‍ അടപ്പിക്കുന്നത് തടയാനെത്തിയ സി.ഐ. സി.പ്രേമാന്ദകൃഷ്ണന് നേരെ പ്രണലിന്റെ നേതൃത്വത്തിലുള്ള സംഘം കല്ലെറിയുകയായിരുന്നു. ആക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ സി.ഐ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് കണ്ടാലിറിയാവുന്ന 200 പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.