ദളിത് റാലിയ്ക്കുനേരിടേണ്ടി വന്നത് ഒട്ടേറെ ആക്രമണങ്ങള്‍: ഗോ മാതാ കി ജയ് വിളിച്ച് സവര്‍ണര്‍ വഴി തടഞ്ഞു
Daily News
ദളിത് റാലിയ്ക്കുനേരിടേണ്ടി വന്നത് ഒട്ടേറെ ആക്രമണങ്ങള്‍: ഗോ മാതാ കി ജയ് വിളിച്ച് സവര്‍ണര്‍ വഴി തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2016, 2:32 pm

ഉന: ആഗസ്റ്റ് 4ന് അഹമ്മദാബാദില്‍ നിന്നും ആരംഭിച്ച് ഇന്ന് ഉനയില്‍ സമാപിച്ച ദളിതരുടെ റാലിക്ക് നേരിടേണ്ടി വന്നത് നിരവധി ആക്രമണങ്ങള്‍. പലയിടങ്ങളിലും റാലിക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെയും സവര്‍ണരുടെയും ആക്രമണമുണ്ടായി.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ഉന താലൂക്കിലെ സാംതര്‍ ഗ്രാമത്തിനു സമീപത്തുവെച്ച് റാലിക്ക് വഴിമാറ്റേണ്ടി വന്നു. പ്രദേശവാസികള്‍ വഴി തടഞ്ഞതോടെ പോലീസ് മറ്റൊരു വഴിയിലൂടെ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് ദളിത് നേതാവ് ജിഗ്‌നേഷ് മെവാനി നല്‍കുന്ന വിശദീകരണം.

ഉന സംഭവവുമായി ബന്ധപ്പെട്ട് സാംതര്‍ ഗ്രാമത്തിലെ നിരവധിയാളുകള്‍ അറസ്റ്റിലായിരുന്നു. ഇവിടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കണ്ട്  തങ്ങള്‍ റാലി വഴിതിരിച്ചുവിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പോലീസ് സംരക്ഷണത്തില്‍ മാര്‍ച്ച് സുരക്ഷിതമായി ഉനയിലെത്തിയെന്നും അവര്‍ വിശദീകരിക്കുന്നു.

dalits-attacked-1

“സാംതറില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടായിരുന്നു. ഉനയില്‍ കാമ്പെയ്ന്‍ ചെയ്ത വളണ്ടിയര്‍മാരില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സവര്‍ണര്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിനാല്‍ സാംതര്‍ ഗ്രാമം ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു.” ജിഗ്‌നേഷ് മെവാനി പറഞ്ഞു.

“ട്രാക്ടര്‍ പോലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് 200300ഓളം ആളുകള്‍ റോഡ് ഉപരോധിച്ചതായി ഞങ്ങള്‍ കണ്ടു. അവര്‍ ഗോമാതാ കി ജയ്, വന്ദേമാതരം, ഭാരതവ് മാതാ കീ ജയ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു.” റാലിയില്‍ പങ്കെടുത്ത മുജാഹിദ് നഫീസ് പറയുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അവര്‍ തടഞ്ഞതിനാല്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായില്ലെന്നും അദ്ദേഹം പറയുന്നു.

ഉനയില്‍ റാലിയുടെ സമാപനയോഗത്തില്‍ പങ്കെടുക്കാനായി തിരിച്ച ദളിതരുടെ ബസ്സിനു നേരെ കല്ലേറുണ്ടായതായി ഹിന്ദു റിപ്പോര്‍ട്ടുചെയ്യുന്നു.