പാലക്കാട്:കഠ്‌വ ബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ച് ചിത്രം വരച്ച ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതിയുടെ വീടിനു നേരെ കല്ലേറ്. ആക്രമണത്തില്‍ വീടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകര്‍ന്നു.
പാലക്കാട് മുതുമലയിലെ വീടിനുനേരെയാണ് ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
അതേസമയം ഒരു ജനാധിപത്യരാജ്യത്താണ് താന്‍ ജീവിക്കുന്നതെന്നു പലപ്പോഴും സ്വയം ഓര്‍മ്മപ്പെടുത്തേണ്ട അവസ്ഥയിലാണ് താനെന്ന് ദുര്‍ഗ മാലതി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം.
“എന്താണു ഞാന്‍ ചെയ്ത തെറ്റ്? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടുവരെ ഉണ്ടായി. ഒരു ജനാധിപത്യരാജ്യത്താണു ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും.”
നേരത്തെ കഠ് വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ചതിന്റെ പേരില്‍ ദുര്‍ഗ മാലതിയ്‌ക്കെതിരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നു.
Watch This Video: