കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ ഡി.ജി.പി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.
ആക്രമണങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.
സംസ്ഥാനത്ത് അടുത്തിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ച്ചയായ സംഭവമാണ്. ഇതിന് പിന്നാലെ ഡോക്ടര്‍മാര്‍ക്കെതിരെ അക്രമങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.
അത്യാഹിത, ഒ.പി പരിസരങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കണം, വിമുക്ത ഭടന്മാരെ സുരക്ഷാ ജീവനക്കാരെ നിയമിക്കണം,സുരക്ഷാജീവനക്കാരെ ഏകോപിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥന് ചുമതല നല്‍കണം എന്നിങ്ങനെയാണ് ഉത്തരവിലെ നിര്‍ദേശങ്ങള്‍.
2020 ജനുവരി മുതല്‍ സംസ്ഥാനത്ത് പലവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായത് 43 ഡോക്ടര്‍മാരാണ്. ഇതില്‍ പത്ത് കേസുകളിലെ പ്രതികളെ ഇന്നും പിടികൂടാനായിട്ടില്ല.
ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Attack against doctors health workers High Court