പേരാമ്പ്ര: വീടുകളില്‍ വിവരശേഖരണത്തിനെത്തിയ പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സിനുനേരെ ആക്രമണം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പത്മാവതിയ്‌ക്കെതിരെയാണ് ആക്രമണം നടന്നത്.
ബുധനാഴ്ച രാവിലെ പത്തരയോടെ പേരാമ്പ്ര പഞ്ചായത്തിലെ പാണ്ടിക്കോടായിരുന്നു സംഭവം. ആര്‍.സി.എച്ച് പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനു പോയ തന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് പറഞ്ഞ് ആക്രമിക്കുകയാണുണ്ടായതെന്ന് ആക്രമണത്തിന് ഇരയായ പത്മാവതി ഡൂള്‍ന്യൂസിനോടു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പാണ്ടിക്കോട്ടെ പറവര്‍കണ്ടി യൂസഫിനെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സ്ത്രീയെ കയ്യേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു.
വയനാട് സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് സ്വദേശിനിയായ പത്മാവതി ഒരുവര്‍ഷമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്.
സംഭവത്തെക്കുറിച്ച് പത്മാവതി പറയുന്നത്:
“ഞാനിന്നലെ പത്തുമണിക്ക് പാണ്ടിക്കോട് ഫീല്‍ഡ് വിസിറ്റിന് പോയതായിരുന്നു. ആര്‍.സി.എച്ച് പദ്ധതിയുമായി ബന്ധപ്പെട്ട ഹൗസ് വിസിറ്റായിരുന്നു. ആധാര്‍, അക്കൗണ്ട് വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ഏഴാമത്തെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. യൂസഫ് എന്നയാളുടെ വീട്ടിലെത്തിയപ്പോള്‍, വയനാട്ടിലും മലപ്പുറത്തുമൊക്കെ തട്ടിപ്പുനടത്തുന്ന ആളാണ് ഞാനെന്ന് പറഞ്ഞ് അവര്‍ രോഷാകുലരായി. ഞാന്‍ ഐഡന്റിറ്റി കാര്‍ഡൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സാണെന്നും വിവരശേഖരണത്തിനായി വന്നതാണെന്നും ഞാനവരോട് പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് ഉള്‍പ്പെടെ കാട്ടിക്കൊടുത്ത് എന്റെ മുഴുവന്‍ വിശദാംശങ്ങളും അവരോട് പറഞ്ഞു. വിശ്വസിക്കണമെന്ന് പറഞ്ഞു. ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവരോട് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയില്ല.
അവിടം വിട്ട് തൊട്ടടുത്ത വീട്ടിലേക്ക് പോയപ്പോള്‍ ഇയാള്‍ പിന്തുടരുന്നുണ്ടായിരുന്നു. എന്താ ചെയ്യുന്നതൊക്കെ അറിയാന്‍ വേണ്ടി. അയാളുടെ വീടും കഴിഞ്ഞ് മൂന്നാമത്തെ വീട്ടില്‍ സര്‍വ്വേ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ എന്നെതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടുത്തെ വീട്ടുടമ കയറി ഇരിക്കാന്‍ പറഞ്ഞിട്ടും ഇയാള്‍ മുറ്റത്തുതന്നെ നില്‍ക്കുകയായിരുന്നു. ഞാനിറങ്ങാന്‍ നോക്കുമ്പോള്‍ അയാള്‍ എന്റെ ഐഡന്റിറ്റി കാര്‍ഡ് പിടിച്ചുവലിച്ച് നിങ്ങള്‍ തട്ടിപ്പുകാരിയല്ലേയെന്നും പറഞ്ഞ് ഉപദ്രവിച്ചു. നിങ്ങളെ വിടില്ലെന്നും പറഞ്ഞു. ഇതിനിടെ വിട്ടുടമ നൗഷത്ത് എന്നു പറയുന്ന യുവതി എന്റെ ബാഗില്‍ നിന്നും വിവരങ്ങള്‍ എഴുതിവെച്ച ഡയറിയെടുത്ത് അവരുടെ വിവരങ്ങള്‍ വെട്ടിക്കളഞ്ഞു. അവര്‍ ഡയറി തിരിച്ചുവെക്കുമ്പോഴാണ് ഞാനത് കാണുന്നത്. അരമുക്കാല്‍ മണിക്കൂറോളം അവിടെ തടഞ്ഞുവെച്ച് അവര്‍ പീഡിപ്പിക്കുകയായിരുന്നു.
ഇവര്‍ വിടാതായതോടെ ഹോസ്പിറ്റലില്‍ വിളിച്ച് കാര്യമറിയിക്കുകയും അവിടെ നിന്നും മേലുദ്യോഗസ്ഥരടക്കമുള്ളവര്‍ എത്തിയാണ് എന്നെ അവിടെനിന്നും രക്ഷപ്പെടുത്തിയത്.”
പറവര്‍കണ്ടി യൂസഫ്, പറവര്‍ അബ്ദുള്‍ വഹാബിന്റെ ഭാര്യ നൗഷത്ത് എന്നിവരാണ് തന്നെ ആക്രമിച്ചതെന്നും പത്മാവതി വ്യക്തമാക്കി. കഴുത്തില്‍ തൂക്കിയിട്ട തിരിച്ചറിയല്‍ കാര്‍ഡിന്റെ ടാഗില്‍ കഴുത്തിന് ചുറ്റും കൂട്ടിപ്പിടിക്കുകയായിരുന്നുവെന്നാണ് പത്മാവതി പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
തട്ടിപ്പുകാരിയെന്നാരോപിച്ച് ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണുണ്ടായതെന്ന് പ്രദേശത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇവരുടെ കഴുത്തിന് ഉളുക്ക് പറ്റിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് പത്മാവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. പത്മാവതിയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയ്ക്കു മുമ്പില്‍ ജീവിക്കാര്‍ പ്രതിഷേധ യോഗം ചേര്‍ന്നു.