| Sunday, 28th August 2022, 9:17 am

സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയും കല്ലേറ്; ജനല്‍ചില്ലുകള്‍ തകര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയുണ്ടായ കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല.

ഇന്നലെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് മുന്നിലെ മുറിയുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നിരിക്കുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അതേസമയം, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണക്കേസില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍, സതീര്‍ഥ്യന്‍, ഹരി ശങ്കര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ അഞ്ചുമണിയോടെ ഇവര്‍ ചികിത്സയിലുണ്ടായിരുന്ന ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. ഇനി മൂന്നുപേരെ കൂടി കണ്ടെത്താന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ ആറ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസം വഞ്ചിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ സംഘം അതിനിടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി സി.പി.ഐ.എം ഓഫീസിന് നേരെ കല്ലെറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്.

എല്‍.ഡി.എഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എ.ബി.വി.പിക്കാര്‍ നിവേദനം നല്‍കിയതിനെ ചൊല്ലിയായിരുന്നു വഞ്ചിയൂരില്‍ എ.ബി.വി.പി-സി.പി.ഐ.എം സംഘര്‍ഷം നടന്നത്.

സംഘര്‍ഷത്തിന് പിന്നാലെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ എ.ബി.വി.പി ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. സംഭവം നടക്കുമ്പോള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഓഫീസിലുണ്ടായിരുന്നു.

അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറഞ്ഞത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.

Content Highlight: Attack against CPIM District Secretary Anavoor Nagappan’s House

We use cookies to give you the best possible experience. Learn more