കൊലവിളി മുദ്രാവാക്യത്തിനു പിന്നാലെ കണ്ണൂരില്‍ സി.പി.ഐ.എം പ്രകടനത്തിനു നേരെ ബോംബേറ്
Daily News
കൊലവിളി മുദ്രാവാക്യത്തിനു പിന്നാലെ കണ്ണൂരില്‍ സി.പി.ഐ.എം പ്രകടനത്തിനു നേരെ ബോംബേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2017, 7:31 pm

കണ്ണൂര്‍: ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രക്ക് പിന്നാലെ കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം. പാനൂര്‍ കൈവേലിക്കലില്‍ സി.പി.ഐ.എം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ ലോക്കല്‍ കമ്മിറ്റിയംഗമടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജനരക്ഷാ യാത്ര കടന്നുപോയ ശേഷം ഒന്‍പത് സി.പി.ഐ.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. കൂടാതെ നിരവധി സി.പി.ഐ.എം ഓഫീസുകളും രണ്ടു ദിവസങ്ങളിലായി ആക്രമിക്കപ്പെട്ടു.


Also Read: കേസ് എനിക്ക് പുത്തരിയല്ല; തനിക്കെതിരെ കേസെടുത്തവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും വി.മുരളിധരന്‍


നേരത്തെ ജനരക്ഷാ യാത്രക്കിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യമുയര്‍ത്തിയിരുന്നു. ബി.ജെ.പി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

വി. മുരളീധരനെതിരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി റാഷിദ് തലശ്ശേരി ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, ഭീഷണി മുഴക്കുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കി, വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.

സി.പി.ഐ.എം നേതാക്കളെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളായിരുന്നു ജനരക്ഷാ യാത്രയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴക്കിയത്. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ പി.ജയരാജനെതിരെ “ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല”. എന്നായിരുന്നു മുദ്രാവാക്യം.