ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം.
വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ സെന്റ് ജോസഫിന്റെ ‘ദ വര്‍ക്കര്‍ ചര്‍ച്ച്’ വികാരി ഫാദര്‍ ഫ്രാന്‍സിസിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വളര്‍ത്തുനായയുടെ കുര കേട്ട് വീട്ടില്‍ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ”സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരയ്ക്കുന്നത് കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാനെത്തിയപ്പോള്‍ വാളുമായി നില്‍ക്കുന്ന ഒരാളെയാണ് കണ്ടത്. അയാള്‍ അക്രമിക്കുമെന്നുറപ്പായതോടെ ഞാന്‍ ബഹളംവയ്ക്കുകയായിരുന്നു. ഞാന്‍ സഹായത്തിനായി നിലവിളിച്ചതോടെ അയാള്‍ ഓടി,”ഫാദര്‍ ഫ്രാന്‍സിസ് പറഞ്ഞു.
ഫ്രാന്‍സിസ് ബഹളമുണ്ടാക്കിയതോടെ അക്രമി മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമി വീട്ടിലേക്ക് കടന്നുവരുന്നതും പുറത്തുകടക്കുന്നതും സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അക്രമി മാനസികരോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നുമാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടിരുന്നു.
ആക്രമണം നടത്തിയവരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പകരം, അസ്വാരസ്യം ഉണ്ടാക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Attack against Christian priest