സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു
Child Rights
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു
ജിതിന്‍ ടി പി
Friday, 8th June 2018, 10:18 pm

സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടയില്‍ ബാലാവകാശ കമ്മീഷന്റെ മുന്നിലെത്തിയത് 7484 പരാതികളാണ്. ഇതില്‍ 2266 പരാതികള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്. കണക്കുപ്രകാരം ആകെ കേസുകളില്‍ 14 ശതമാനം മാത്രമാണ് തീര്‍പ്പാക്കിയിട്ടുള്ളത്.

2013ല്‍ കമ്മീഷന്‍ രൂപീകരിച്ചത് മുതല്‍ നാളിതുവരെയുള്ള കണക്കുകളാണിത്. ആദ്യവര്‍ഷം കമ്മീഷനില്‍ ലഭിച്ച 127 പരാതികള്‍ക്കും തീര്‍പ്പുണ്ടാക്കി. 2014-15ല്‍ 863 പരാതികള്‍ ലഭിച്ചപ്പോള്‍ നാലെണ്ണത്തിന് പരിഹാരമായില്ല. 2015-16ല്‍ ലഭിച്ച 1582 പരാതികളില്‍ 58 എണ്ണത്തില്‍ തീരുമാനം എടുത്തില്ല.

2016-17ല്‍ 2510 പരാതികളാണ് കമ്മീഷന് ലഭിച്ചത്. അതില്‍ 756 എണ്ണം പരിഹാരം കാണാതെ കിടക്കുന്നു. 2017-18 വര്‍ഷത്തെ കണക്കനുസരിച്ച് 2402 പേര്‍ കമ്മീഷനെ സമീപിച്ചു. എന്നാല്‍ അതില്‍ 1488 ഉം കെട്ടിക്കിടക്കുകയാണ്.

 

ബാലവകാശകമ്മിഷന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയില്‍നിന്നാണ്. 1,677 പരാതികള്‍ ഇതുവരെ ലഭിച്ചു. ഇതില്‍ 540 പരാതികള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്- 1,026 പരാതികള്‍. തീര്‍പ്പാക്കാനുള്ളത് 177 എണ്ണം. മൂന്നാം സ്ഥാനത്ത് കൊല്ലം- 560 പരാതികള്‍. തീര്‍പ്പാക്കാനുള്ളത് 248 എണ്ണം. വയനാട് ജില്ലയില്‍ ഇനി തീര്‍പ്പാക്കാനുള്ള കേസുകള്‍ 48 ആണ്.

തീര്‍പ്പാക്കാനുള്ള പരാതികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 540
കൊല്ലം – 248
പത്തനംതിട്ട – 90
ആലപ്പുഴ – 130
കോട്ടയം – 135
ഇടുക്കി – 50
എറണാകുളം – 172
തൃശൂര്‍ – 154
പാലക്കാട്- 115
മലപ്പുറം – 176
കോഴിക്കോട് – 177
വയനാട് – 48
കണ്ണൂര്‍ – 125
കാസര്‍കോട് – 106

2016 ലെ കണക്കുപ്രകാരം കേരളത്തില്‍ ലൈംഗികപീഡനത്തിന് വിധേയരായ കുട്ടികളില്‍ 47 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളിലും 21 ശതമാനം മുന്നാക്ക വിഭാഗങ്ങളിലും 14 ശതമാനം പട്ടികജാതി വിഭാഗത്തിലും 5 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തിലും ഉള്ള കുട്ടികളാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 9.09 ശതമാനം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും 1.45 ശതമാനം മാത്രം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ആകുമ്പോള്‍ പോക്‌സോ നിയമത്തിന്‍കീഴില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ലൈംഗികാതിക്രമത്തിന് വിധേയരായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ശതമാനം താരതമ്യേന കൂടുതലാണെന്ന് കാണാം.

2016 ലെ കണക്ക് – അവലംബം ബാലാവകാശ കമ്മീഷന്‍ വെബ്‌സൈറ്റ്

അതേസമയം കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കമ്മീഷന്‍ വീഴ്ച വരുത്തുന്നുണ്ടെന്ന ആക്ഷേപവും ഉന്നയിക്കപ്പെടുന്നുണ്ട്. കമ്മിഷന് നിലവില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്. ഒരു അംഗത്തിന്റെ ശമ്പളം 1,77,366 രൂപ. അന്‍പതോളം ജീവനക്കാരുണ്ടെങ്കിലും രസീത് നല്‍കാന്‍പോലും ആളില്ലാത്ത അവസ്ഥയാണ്. പൊതു ഖജനാവിന് ബാധ്യതയാകുന്ന കമ്മിഷന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനു സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു.

കമ്മീഷനിലെ ഓരോ അംഗവും ശമ്പള ഇനത്തില്‍ പറ്റുന്നത് 1,77366 ലക്ഷം. നാല് അംഗങ്ങള്‍ക്കും കൂടി ഖജനാവില്‍ നിന്ന് ചെലവാക്കുന്നത് 6,83575 ലക്ഷം. പുറമേ യാത്രാ സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും.

നാലംഗങ്ങളുള്ള കമ്മീഷനില്‍ സെക്രട്ടറി ഉള്‍പ്പെടെ 37 ജീവനക്കാരുണ്ട്. ആക്ടിങ് ചെയര്‍പേഴ്‌സണിന് 1,51,477 രൂപയാണ് ശമ്പളം. അംഗങ്ങളായ എന്‍. ശ്രീല മേനോന്‍, എം.പി.ആന്റണി, സിസ്റ്റര്‍ ബിജിജോസ് എന്നിവര്‍ക്ക് ശമ്പളം 1,77,366 രൂപയാണ്. സെക്രട്ടറി, രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ക്കും ഒരുലക്ഷത്തിന് മുകളിലാണ് ശമ്പളം. അഞ്ച് കണ്‍സള്‍ട്ടന്റുമാര്‍ക്കും മൂന്ന് വര്‍ക്കേഴ്‌സിനും 20,000 മുതല്‍ 30,000 വരെയാണ് ശമ്പളം. ഇവരെക്കൂടാതെ ക്ലാര്‍ക്കുമാര്‍, ഡി.ടി.പി ഓപ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന വന്‍ സംഘമാണ് കമ്മീഷനുള്ളത്.

2016 ലെ കണക്ക് – അവലംബം ബാലാവകാശ കമ്മീഷന്‍ വെബ്‌സൈറ്റ്

 

ചെയര്‍പേഴ്‌സണും മൂന്ന് അംഗങ്ങള്‍ക്കും ഓരോ വാഹനം വീതം ഓടുന്നുണ്ട്. കൂടാതെ സെക്രട്ടറിക്കും പോക്‌സോ ഡിവിഷനും കമ്മീഷന്‍ ഓഫീസ് ഉപയോഗത്തിനും ഓരോ വാഹനം ഓടുന്നുണ്ട്. ചെയര്‍പേഴ്‌സന്റെ ഒഴികെയുള്ള വാഹനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഓടുന്നത്. ആ ഇനത്തിലും നല്ലൊരു തുക ചെലവാകുന്നുണ്ട്.

ആറ് വര്‍ഷത്തിനിടെ 15 പഠന റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇത്രയും ആനുകൂല്യങ്ങളും പണവും സൗകര്യങ്ങളും നല്‍കിയ കമ്മീഷന്‍ പ്രവര്‍ത്തിക്കുമ്പോഴും അടിയന്തര പ്രാധാന്യമുള്ള പരാതികളില്‍പോലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ.ഡി.ബി.ബിനുവിന് ലഭിച്ച വിവരാവകാശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.