| Saturday, 9th September 2017, 8:24 am

'പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ പോയ്‌ക്കോ': ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച എ.ആര്‍ റഹ്മാനെതിരെ സംഘികളുടെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഇത്തരം കൊലപാതകം നടക്കുന്നത് ഇന്ത്യയിലാണെങ്കില്‍ “ഇത് എന്റെ ഇന്ത്യയല്ല” എന്ന എ.ആര്‍ റഹ്മാന്റെ പ്രതികരണമാണ് സംഘികളെ പ്രകോപിപ്പിച്ചത്.

എ.ആര്‍ റഹ്മാനെ തെറിവിളിച്ചും അദ്ദേഹത്തെ അധിക്ഷേപിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുള്ളത്. ഇതില്‍ വലിയൊരു വിഭാഗവും മലയാളികളാണ്. പാകിസ്ഥാനിലേക്കോ, സിറിയയിലേക്കോ, ഇറാഖിലേക്കോ പോയ്‌ക്കോ എന്നാണ്  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എ.ആര്‍ റഹ്മാനോട് ആവശ്യപ്പെടുന്നത്.

ആക്രമിക്കുന്നവരില്‍ ഭൂരിപക്ഷവും എ.ആര്‍ റഹ്മാനെ തെറിവിളിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അടക്കം അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. മതംമാറ്റാന്‍ ആളെക്കിട്ടാത്തതിന്റെ പ്രശ്‌നമാണ് എ.ആര്‍ റഹ്മാന് എന്നാണ് ചിലരുടെ പരാമര്‍ശം. നാളെ കുടുംബത്തെ തള്ളിപ്പറയരുതെന്നാണ് മറ്റൊരാളുടെ “ഉപദേശം”.

സംഗീത രംഗത്ത് എ.ആര്‍ റഹ്മാന്‍ നല്‍കിയ സംഭാവനകളെല്ലാം മറന്ന് അദ്ദേഹത്തെ വെറുമൊരു മുസ്‌ലിം ആയി ചുരുക്കിയാണ് ആക്രമണം.

മുംബൈയില്‍ നടന്ന സംഗീത നിശയുടെ മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു എ.ആര്‍ റഹ്മാന്‍ ഗൗരിയുടെ കൊലപാതകത്തിനെതിരെ ശക്തമായി രംഗത്തുവന്നത്.

” ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഇതൊന്നും ഇന്ത്യയില്‍ നടക്കരുതേ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇതെല്ലാം ഇന്ത്യയില്‍ നടക്കുന്നുണ്ടെങ്കില്‍, ഇത് എന്റെ ഇന്ത്യയല്ല. എന്റെ ഇന്ത്യ പുരോഗമനപരവും ദയാവായ്പുള്ളതുമാകണം” എന്നാണ് എ.ആര്‍ റഹ്മാന്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more