ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം
Sabarimala women entry
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 8:00 am

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം. അക്രമകാരികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ഇന്ന്‍ പുലര്‍ച്ചെയാണ് അക്രമണം നടന്നത്.

അക്രമണം നടന്ന വിവരം അപര്‍ണ തന്നെയാണ് വെളിപ്പെടുത്തിയത്. “മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സേഫാണ്. 3 വലിയ കരിങ്കല്‍ കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകുന്ന ശബ്ദം കേട്ടിരുന്നു”- അപര്‍ണ ശിവകാമി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ട് തല്‍ക്കാലം ശബരിമല കയറുന്നത്തില്‍ നിന്നും പിന്‍വാങ്ങുന്നു എന്നും മണ്ഡലകാലം കഴിയുന്നതിനു മുമ്പേ മലകയറുമെന്നും യുവതികള്‍ എറണാകുളത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വാര്‍ത്താ സമ്മേളനം നടന്ന പ്രസ് ക്ലബിന് മുമ്പില്‍ നാമജപക്കാര്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നു. വാര്‍ത്താ സമ്മേളനം കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം നടന്നിരിക്കുന്നത്.


ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയില ദര്‍ശനം നടത്താന്‍ പോയ രഹന ഫാത്തിമ, മേരി സ്വീറ്റി, ബിന്ദു തങ്കം കല്യാണം തുടങ്ങിയ യുവതികളുടെ വീടിനു നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം നടന്നിരുന്നു.