കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ ഡ്രൈവര്‍ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പാണ് സുനി രക്ഷപ്പെട്ടത്.
ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ നിന്നാണ് സുനി കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടത്. സുനി അവിടെയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു രക്ഷപ്പെടല്‍. സുനിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം.
പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്. സുനി ഇവിടെയെത്തുമെന്ന് വിവരം ലഭിച്ച പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും സുനി അവിടെ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.
എന്നാല്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് സംഘത്തിനു സംഘടിപ്പിക്കാനായത്. അതുകൊണ്ടുതന്നെ പ്രതികള്‍ ഏറെ ദൂരം പോയിരിക്കാന്‍ ഇടയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍നിന്നു കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം.
നെല്‍സണും സുനിക്ക് പണം നല്‍കി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം േകസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.