ഭോപ്പാല്‍: 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ച് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂര്‍. ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് പ്രജ്ഞ പറഞ്ഞത്.
ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 2008ലെ മലേഗാവ്സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞാണ് പ്രജ്ഞ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചത്.
സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചോദിച്ചു.
കര്‍ക്കറെ പലതവണ തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തി ശല്യം ചെയ്തുകൊണ്ടിരുന്നു. തനിക്ക് ആ സംഭവവുമായി യാതൊരു ബന്ധമില്ലാത്തതിനാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. കസ്റ്റഡിയില്‍ താന്‍ രേിട്ട പീഡനത്തിനും ഭീഷണിക്കുമാണ് കര്‍ക്കറെയെ ശപിച്ചത്. ‘അയാള്‍ ഇല്ലാതാകട്ടെയെന്ന് ഞാന്‍ ശപിച്ചു’ എന്നാണ് പ്രജ്ഞ പറഞ്ഞത്.
സ്‌ഫോടനം നടത്തിയെന്ന ആരോപണം നേരിടുന്ന ഹിന്ദു ഭീകരവാദ ഗ്രൂപ്പിന്റെ ഭാഗമായ പ്രജ്ഞ സിങ് താക്കൂറിനെ മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റു ചെയ്യുകയായിരുന്നു. കേസിലെ മുഖ്യ പ്രതിയാണ് പ്രജ്ഞ. സ്‌ഫോടന വസ്തുക്കള്‍ ഘടിപ്പിക്കാന്‍ പ്രജ്ഞയുടെ ബൈക്കായിരുന്നു ഉപയോഗിച്ചിരുന്നത്.
കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രജ്ഞ ബി.ജെ.പിയില്‍ ചേരുകയും ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു.